കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സിബിഐ പ്രത്യേക കോടതി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സിബിഐ പ്രത്യേക കോടതി. മന്‍മോഹന്‍ സിംഗിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മധു കോഡ അറിയിച്ചു.

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ സമര്‍പ്പിച്ച ഹര്‍ജിയാണ് ദില്ലി സിബിഐ പ്രത്യേക കോടതി തള്ളിയത്. ജിന്‍ഡാല്‍ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെട്ടുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്ത സാഹചര്യത്തില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടെന്ന് സിബിഐ നേരത്തെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഇത് പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഭരത് പരാശരന്‍ കോഡയുടെ ഹര്‍ജി തള്ളിയത്.. മന്‍മോഹന്‍സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്ന് മുന്‍ കല്‍ക്കരി സഹമന്ത്രി ദാസരി നാരായണറാവു നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
വിചാരണ കോടതി തീരുമാനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മധു കോഡ പറഞ്ഞു.

കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിയ്ക്ക് അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിച്ചുവെന്ന കേസില്‍ നേരിട്ട് ഹാജരാകാന്‍ സിബിഐ വിചാരണ കോടതി മന്‍മോഹന്‍ സിംഗിന് സമന്‍സ് അയച്ചിരുന്നു.എന്നാല്‍ ഇത് ചോദ്യം ചെയ്ത് മന്‍മോഹന്‍ സുപ്രീം കോടതിയെ സമീപിക്കുകയും സമന്‍സ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: