ചുംബനരംഗം:ഇറാന്‍ കുര്‍ദിഷ് സംവിധായകന് ആറുവര്‍ഷം തടവും 223 ചാട്ടവാറടിയും

 

ഇറാനിലെ സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യം പരാമര്‍ശിച്ച ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ഇറാന്‍ കുര്‍ദിഷ് യുവസംവിധായകന്‍ കെയവാന്‍ കരീമിയെ ഇറാന്‍ ഭരണകൂടം ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷയ്‌ക്കൊപ്പം 223 ചാട്ടവാറടിയും നല്‍കും. ചുംബനരംഗത്തിലൂടെ ഇറാന്റെ പവിത്രതയെ കളങ്കപ്പെടുത്തിയെന്നാണ് കരീമിയുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. റൈറ്റിംഗ് ഓണ്‍ ദ സിറ്റി എന്ന പേരില്‍ കരീമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ഇറാന്‍ മതഭരണകൂടത്തെ പ്രകോപിപ്പിച്ചത്.

ആദ്യം എന്റെ സിനിമകള്‍ കാണാന്‍ തയ്യാറാകൂ, എന്നിട്ട് വിധിയെഴുതുകയും വിലയിരുത്തുകയും ചെയ്യൂ എന്നാണ് കരീമി ശിക്ഷാവിധിയോട് പ്രതികരിച്ചത്. ഭരണകൂടത്തെകുറിച്ചും തൊഴിലാളിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമാണ് എന്റെ സൃഷ്ടികള്‍ സംസാരിച്ചത് ഇതില്‍ എവിടെയാണ് ഞാന്‍ കുറ്റവാളിയാകുന്നത് എന്നും കരീമി ചോദിച്ചു. എനിക്ക് ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് കരീമി ശിക്ഷാ വിധിയോട് പ്രതികരിച്ചത്.

ഇറാന്റെ യാഥാസ്ഥിതിക നിലപാടുകളെ വിമര്‍ശിക്കുന്ന രാഷ്ട്രീയ ചുവരെഴുത്തുകളായിരുന്നു റൈറ്റിംഗ് ഓണ്‍ ദ സിറ്റി എന്ന ഡോക്യുമെന്ററി. ദ അഡ്വഞ്ചര്‍ ഓഫ് ദ മാരീഡ് കപ്പിള്‍ കരീമിയുടെ 2013ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രവും ഭരണകൂടത്തെ ചൊടിപ്പിച്ചു. കയ്വാന്‍ കരീമിയുടെ ദ അഡ്വഞ്ചര്‍ ഓഫ് ദ മാരീഡ് കപ്പിള്‍ നാല്‍പ്പതിലേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: