ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി മരവിപ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.

മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. എസ്പി ആര്‍.സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട ഡയറക്ടറുടെ നടപടികള്‍ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.

എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും തുടരന്വേഷണത്തിനു നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ ഉള്‍പ്പടെ സമര്‍പ്പിച്ച ഒന്‍പത് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. മാണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല.

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു കേസ് അന്വേഷിച്ച എസ്പി സുകേശന്റെ ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്ന വിജിലന്‍സ് കോടതി ഉത്തരവ് ചൂടേറിയ പ്രചാരണ വിഷയമാകും. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: