91 വയസായ പാര്‍ക്കിണ്‍സണ്‍ രോഗി 29 മണിക്കൂറോളം ട്രോളിയില്‍, എമര്‍ജന്‍സി വിഭാഗത്തിലെ പ്രതിസന്ധി രൂക്ഷം

 

ഡബ്ലിന്‍: 91 വയസായ പാര്‍ക്കിണ്‍സണ്‍ രോഗം ബാധിച്ച വൃദ്ധന് എമര്ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് മൂലം ട്രോളിയില്‍ കഴിയേണ്ടിവന്നത് 29 മണിക്കൂര്‍. പാര്‍ക്കിണ്‍സണ്‍ രോഗത്തിന്റെ അഡ്വാന്‍സ്ഡ് സ്‌റ്റേജിലെത്തിയിരിക്കുന്ന വൃദ്ധന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്കും കോലാഹലങ്ങളും സഹിച്ചാണ് മണിക്കൂറുകളോളം ട്രോളിയില്‍ കഴിഞ്ഞത്. 91 വയസായ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അതേ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏഴുമണിക്കൂറോളം കാത്തുനിന്ന ശേഷമാണ് അവസാനം ഒരു ബെഡ് കിട്ടിയത്. താല ഹോസ്പിറ്റലിലെ ഏറ്റവും പുതിയ ഈ പ്രശ്‌നം രോഷാകുലരായ ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രി ലിയോ വരേദ്കറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

താല ഹോസ്പിറ്റലിലെ എമര്‍ജന്‍സി കണ്‍സള്‍ട്ടന്റായ ഡോ ജെയിംസ് ഗ്രെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഗൗരവമേറിയ അപകടകരമായ അവസ്ഥയാണെന്ന് വ്യക്തമാക്കി ശക്തമായ ഭാഷയിലാണ് മന്ത്രിയ്ക്കും മുതിര്‍ന്ന ഹെല്‍ത്ത് മാനേജേഴ്‌സിനും കത്ത് നല്‍കിയിരിക്കുന്നത്.

രോഗികളുടെ അനിയന്ത്രിതമായ തിരക്ക് സഹിക്കാനാകാതെ താല ഹോസ്പിറ്റലില്‍ ആരെങ്കിലും മരിക്കുന്ന ഘട്ടമെത്തുമ്പോഴേ ഈ വിഷയം പലരുടെയും ശ്രദ്ധയില്‍പെടൂ എന്നും പരുഷമായ വാക്കില്‍ അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി 10 മണിക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ 79 രോഗികളാണുണ്ടായിരുന്നത്. അതില്‍ 19 പേര്‍ ബെഡിനായി കാത്തിരിക്കുന്നവരായിരുന്നുവെന്ന് കത്തില്‍ പറയുന്നതായി ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ രണ്ട് രോഗികള്‍ രണ്ടുദിവസത്തിലേറെയായി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കാത്തിരിക്കുകയാണ്. മറ്റ് നാലുപേര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് 24 മണിക്കൂറാകാന്‍ പോകുന്നു. 91 വയസായ ഒരു രോഗി 29 മണിക്കൂറാണ് ബെഡിനായി കാത്തിരുന്നതെന്നും ഡോക്ടര്‍ കത്തില്‍ വ്യക്തമാക്കുന്നു.

പാര്‍ക്കിണ്‍സണ്‍ രോഗിയായ 91 വയസുകാരനെ താന്‍ ഉച്ചയ്ക്ക് കണ്ടുവെന്നും ട്രോളിയില്‍ കിടക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വേദനസഹിക്കാനാകുന്നില്ലെന്ന് ആ വൃദ്ധന്‍ പറഞ്ഞതായും ഡോക്ടര്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ 91 വയസായ ഭാര്യയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ബെഡിനായി 7 മണിക്കൂറായി കാത്തിരിക്കുകയായിരുന്നെന്നും ഡോക്ടര്‍ സൂചിപ്പിക്കുന്നു.

നമ്മുടെ രാജ്യത്തെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഭരണസംവിധാനം പ്രത്യേകപരിചരണവും ശ്രദ്ധയും നല്‍കേണ്ട മുതിര്‍ന്ന പൗരന്‍മാരെ എത്ര അപമാനകരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നതിന് ഉദാഹരണമാണ് ഈ പ്രായമായ മനുഷ്യനെന്ന് ഡോക്ടര്‍ പറയുന്നു. ട്രോളിയില്‍ കിടന്ന് അദ്ദേഹം യാതനയനുഭവിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വകാര്യതയും അന്തസും കളങ്കപ്പെടുന്നു. ഈ പ്രായത്തിലുള്ള ഒരാളോടും ഇത്രത്തോളം മനുഷ്യത്വ രഹിതമായി പെരുമാറരുതെന്നും ഡോക്ടര്‍ പറയുന്നു.

ഹോസ്പിറ്റലില്‍ പ്രായമായ രോഗികളെ അഡിമിറ്റ് ചെയ്യുന്നതിന് കാലതാമസം വരുന്നുണ്ടെന്ന് താല ഹോസ്പിറ്റര്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ തിരക്കിനെ തുടര്‍ന്ന് ബെഡ് ലഭിക്കാന്‍ താമസം നേരിടുന്നുവെങ്കിലും ഗുരുതരമായ ക്ലിനിക്കല്‍ പ്രശ്‌നങ്ങളൊന്നും ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറയുന്നു.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ അടുത്തയാഴ്ച പ്രതിഷേധസമരം നടത്താന്‍ തയാറെടുക്കുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: