ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഇടപാടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി, എതിര്‍പ്പുമായി ഉപഭോക്താക്കള്‍

 

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതും എടിഎം, ടെല്ലര്‍ മെഷീന്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ധിപ്പിച്ച് ജീവനക്കാരെ കുറയ്ക്കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതികളും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെതിരെ ഉപഭോക്താക്കള്‍ വ്യാപകമായി എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അധികം വൈകാതെ 700 യൂറോയിലധികം തുക മാത്രമേ ഇനിമുതല്‍ ബാങ്ക് കൗണ്ടറില്‍ നിന്ന് പിന്‍വലിക്കാനാകൂ. 700 യൂറോയില്‍ കുറഞ്ഞ തുകകള്‍ എടിഎം കൗണ്ടറുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വരും.

ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട പല ഇടപാടുകള്‍ക്കും ഇനിമുതല്‍ എടിഎം കൗണ്ടറുകളെയും ബാങ്കില്‍ സ്ഥാപിച്ചിട്ടുള്ള സെല്‍ഫ് സര്‍വീസ് മെഷീനുകളെയും ആശ്രയിക്കേണ്ടിവരും. അയര്‍ലന്‍ഡിലുള്ള ബാങ്ക് ഓഫ് അയര്‍ലന്‍ഡിന്റെ 250 ബ്രാഞ്ചുകളിലും ഈ പദ്ധതി നടപ്പാക്കും. 250 ബ്രാഞ്ചുകളിലായി ഒരു മില്യണിലധികം ഉപഭോക്താക്കളാണ് ബാങ്കിനുളളത്.

ഈ മാസം പകുതിയോടെ പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം 700 യൂറോയില്‍ കുറഞ്ഞ പണമിടപാടുകള്‍ എടിഎമ്മിലൂടെ നടത്തണം. കൂടാടെ 3000 യൂറോയില്‍ കുറഞ്ഞ ചെക്ക്/ഡെപ്പോസിറ്റ്, ലോഡ്ജിംഗ് സേവനങ്ങള്‍ ടെല്ലര്‍ മെഷിന്‍ വഴി നടത്തണം. കാര്‍ഡുപയോഗിച്ച് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 1300 യൂറോയാക്കി വര്‍ധിപ്പിക്കും.

കൂടാതെ ബാങ്കിംഗ് 365 സൈന്‍ ചെയ്ത പതിനായിരക്കണക്കിലേറെ ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ ബാങ്ക് പേപ്പര്‍ സ്റ്റേറ്റ്‌മെന്റുകള്‍ അയയ്്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം പണം ഓണ്‍ലൈനായി ലഭിക്കുന്നതിന് ഉപഭോക്താക്കളെ അനുവദിക്കുന്ന ബാങ്കിംഗ് 365 പദ്ധതിയില്‍ ഏകദേശം 560,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍.

ഇലക്ട്രോണിക് ബാങ്കിംഗ് വശമില്ലാത്ത വയോജനങ്ങളെ പുതിയ നീക്കം സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായമായ ആളുകള്‍ക്കെതിരെയുള്ള വിവേചനമാണിതെന്ന് പരാതിയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രായമായവരുടെ ബാങ്കിംഗ് സംബന്ധമായ ഇടപാടുകളില്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ബാങ്ക് എടുത്തിട്ടുള്ള തീരുമാനം പുനപരിശോദിക്കണമെന്ന് പാര്‍ലമെന്റ് ഐറിഷ് സീനിയര്‍ സിറ്റിസണ്‍സ് മൈറീഡ് ഹെയിസ് ആവശ്യപ്പെട്ടു. പ്രായമായവര്‍ക്ക് ഡിജിറ്റല്‍ ചാനലിലൂടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാവില്ലെന്നും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ എടിഎം വഴി പണം പിന്‍വലിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: