ഛോട്ടോ രാജനെ ചോദ്യംചെയ്യലിനായി ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: ബാലിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടോ രാജനെ ചോദ്യംചെയ്യലിനായി ഇന്ത്യയിലെത്തിച്ചു. ഇന്‍ഡൊനീഷ്യയില്‍ നിന്ന് വ്യോമസേനയുടെ ഗള്‍ഫ്‌സ്ട്രീംമൂന്ന് വിമാനത്തില്‍ പുലര്‍ച്ചെയാണ് രാജനെ ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. സി.ബി.ഐ. ഉദ്യോഗസ്ഥരും മുംബൈ പോലീസും അടങ്ങും പ്രത്യേക സംഘം കൊണ്ടുവന്ന രാജനെ കനത്ത സുരക്ഷയില്‍ ഉടനെ ഒരു അജ്ഞാതകേന്ദ്രത്തിലേയ്ക്ക് മാറ്റി.

ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റില്‍ മുന്‍നിരക്കാരനായ രാജന്‍ 27 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലായി കൊലപാതകം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പടെ എഴുപത്തിയഞ്ചിലേറെ കേസുകളാണ് രാജന്റെ പേരിലുള്ളത്.

രാജനെ ചൊവ്വാഴ്ച തന്നെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അഗ്‌നിപര്‍വത സ്‌ഫോടനം മൂലം ബാലിയിലെ എന്‍ഗുര റായി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയത്.

രണ്ടു ദശാബ്ധത്തിലേറെയായി ഇന്റര്‍പോള്‍ തിരയുന്ന രാജനെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 25നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള യാത്രയ്ക്കിടെ ഇന്‍ഡൊനീഷ്യയില്‍ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവുമ്പോള്‍ മോഹന്‍കുമാര്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടാണ് 55 കാരനായ രാജന്‍ എന്ന രാജേന്ദ്ര സദാശിവ് നികല്‍ജെ കൈവശം വച്ചിരുന്നത്. ഓസ്‌ട്രേലിയന്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു അറസ്റ്റ്. വ്യാഴാഴ്ചയാണ് രാജനെ സി.ബി.ഐ.യ്ക്ക് കൈമാറിയത്. എന്നാല്‍, ദാവൂദ് ഇബ്രാഹിമില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് രാജന്‍ കീഴടങ്ങുകയായിരുന്നുവെന്ന അഭ്യൂഹവുമുണ്ടായിരുന്നു. ദാവൂദ് സംഘത്തിന്റെ നീക്കങ്ങളെ കുറിച്ച് ഇന്ത്യയ്ക്ക് വിലപ്പെട്ട പല വിവരങ്ങളും നല്‍കിയിരുന്നത് രാജനായിരുന്നുവെന്നാണ് വിവരം.
രാജനെ കൊണ്ടുവരുന്നത് പ്രമാണിച്ച് ഡല്‍ഹിയിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. സി.ബി.ഐ. ആസ്ഥാനത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് വരാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ രാജന്‍, പക്ഷേ, മുംബൈയിലേയ്ക്ക് കൊണ്ടുപോകുരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: