തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം, ബിജെപിക്കും നേട്ടം, യുഡിഎഫിന് കനത്ത തിരിച്ചടി

 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍മുന്നേറ്റം. സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്, ജില്ലാ, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലടക്കം വന്‍ തിരിച്ചടിയാണു യുഡിഎഫിനു നേരിട്ടിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍ മുന്നേറ്റമാണു ബിജെപി നടത്തിയിരിക്കുന്നത്. കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ആറു സീറ്റു മാത്രം ഉണ്ടായിരുന്ന ബിജെപി 35 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് 21 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്‍വാങ്ങി. 43 സീറ്റു ലഭിച്ച എല്‍ഡിഎഫിനു പക്ഷേ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷവും ലഭിച്ചില്ല.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂര്‍ മുസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മുന്നേറി. കൊച്ചി മുനിസിപ്പാലിറ്റി യുഡിഎഫ് നിലനിര്‍ത്തി. കണ്ണൂരില്‍ ഇരുമുന്നണികള്‍ക്കും തുല്യ സീറ്റാണ്. ബിജെപിക്ക് ആറു സീറ്റുകള്‍ ലഭിച്ചു. ഇവിടെ ജയിച്ച കോണ്‍ഗ്രസ് വിമതന്റെ സഹായം ലഭിച്ചാല്‍ യുഡിഎഫിനു ഭരിക്കാം. എട്ടു ജില്ലകളിലും എല്‍ഡിഎഫിനു വ്യക്തമായ മുന്നേറ്റം അവകാശപ്പെടാം. ബിജെപിക്കു വലിയ നേട്ടമാണു പലയിടത്തും ഉണ്ടായിരിക്കുന്നത്. കൊല്ലം കോര്‍പറേഷനിലടക്കം ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്.

കഴിഞ്ഞ തവണ നിലംപരിശായ ഇടുക്കിയില്‍ ഇത്തവണ എല്‍ഡിഎഫ് നേട്ടം ഉണ്ടാക്കി. പെരുന്നയില്‍ രണ്ടു സീറ്റുകള്‍ ബിജെപി നേടി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡായ കണിച്ചുകുളങ്ങരയില്‍ യുഡിഎഫ് വിജയിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എറണാകുളം കിഴക്കമ്പലത്ത് ട്വന്റി-20 എന്ന പ്രാദേശിക മുന്നണി നേട്ടം കൊയ്തു. ഇടുക്കിയില്‍ പെണ്ണൊരുമയുടെ സ്ഥാനാര്‍ഥി ഗോമതി അഗസ്റ്റിന്‍ വിജയിച്ചു. കൊല്ലത്ത് ഷിബു ബേബിജോണിന്റെ വാര്‍ഡില്‍ എല്‍എഡിഎഫ് വിജയിച്ചു. എഐഎഡിഎംകെ, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളും അക്കൗണ്ട് തുറന്നിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12 ന് നടക്കും. നഗരസഭാ അധ്യക്ഷന്‍മാരെ 18നും ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരെ 19നും തിരഞ്ഞെടുക്കും.

കക്ഷിനില

കോര്‍പ്പറേഷന്‍(6): എല്‍ഡിഎഫ്-4, യുഡിഎഫ്-2
മുനിസിപ്പാലിറ്റി(86): എല്‍ഡിഎഫ-44, യുഡിഎഫ്-41, ബിജെപി-1,
ജില്ലാ പഞ്ചായത്ത് (14):എല്‍ഡിഎഫ്-7, യുഡിഎഫ്-7
ബ്ലോക്ക് പഞ്ചായത്ത്(152): എല്‍ഡിഎഫ്-90, യുഡിഎഫ്-61, മറ്റുള്ളവര്‍-1
ഗ്രാമ പഞ്ചായത്ത്(941):എല്‍ഡിഎഫ്- 552, യുഡിഎഫ് -361, ബിജെപി-15, മറ്റുള്ളവര്‍-13

-എജെ-

Share this news

Leave a Reply

%d bloggers like this: