കാലാവസ്ഥാ വ്യതിയാനം; കടല്‍ നിരപ്പ് ഉയരുന്നത് ഭാവിയില്‍ ഏറെ പ്രതിസന്ധികള്‍ക്കു കാരണമാകുമെന്നു പഠനങ്ങള്‍

ഡബ്ലിന്‍ : ലോകം കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനില്പ്പും. ലോകത്തെമ്പാടുമുള്ള മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ നിലവില്‍ അനുഭവച്ചികൊണ്ടിരിക്കുകയാണ്. എന്നാല്‍ വരും നാളുകള്‍ ഭൂമിയിലെ ജീവിതം ഇതിലും പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കടല്‍ നിരപ്പ് ഉയരുന്നത് ലോകത്തിന്റെ പല ഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്കുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനങ്ങളിലും നീരീക്ഷണങ്ങളിലുമാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. കടല്‍ നിരപ്പ് ഉയരുന്നതോടെ കരയായി കിടക്കുന്ന പലഭാഗങ്ങളും വെള്ളംകയറി മൂടിപ്പോകും. മനുഷ്യന്റെ യശ്ശസുയര്‍ത്തി നിര്‍ത്തുന്ന പല നഗരങ്ങളും ചരിത്ര പ്രധാനമായ പല ബിംബങ്ങളും ജലത്തിന്റെ വിസ്മൃതിയിലേക്ക് ആണ്ടുപോകുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനത്തില്‍ വെളിവായത്. ഭാവിയില്‍ കടല്‍ നിരപ്പ് ഉയരുന്നതുമൂലമുണ്ടാകുന്ന നഗരങ്ങളുടെ അവസ്ഥയും ക്ലൈമറ്റ് സെന്‍ട്രല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യവത്കരിച്ചിട്ടുണ്ട്.

ലണ്ടന്‍ പാര്‍ലമെന്റും ചുറ്റുവട്ടവും പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിന്റെ പകുതി ഭാഗവും വെള്ളം കയറിയ നിലയില്‍, ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായ ഓപ്പേറ ഹൗസിന്റെ പലഭാഗങ്ങളും വെള്ളത്താല്‍ ചുറ്റപ്പെടുന്ന, ഷാഗ്ഹായി നഗരം വെനീസിനു തുല്യമായി പ്രതീതമാകുന്ന, ന്യൂയോര്‍ക്ക് വോള്‍ സ്ട്രീറ്റിലെ പ്രശസ്തമായ കാളകൂറ്റന്റെ വാലു മാത്രം വെള്ളത്തിന്റെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലോകം ഭയാനകരമായ നാളുകളിലേക്കാണ് കടന്നു പോകുന്നതെന്ന മുന്നറിയിപ്പാണ് ഈ ദൃശ്യങ്ങള്‍ നല്കുന്ന സൂചന.

ഭൂമിയിലെ താപനില നാലു ഡിഗ്രി സെല്‍ഷ്യസ് ഉയരുന്ന സാഹചര്യത്തില്‍ കടല്‍ ഉയരുന്നതുമൂലം ലോകത്താകമാനം 600 മില്ല്യണ്‍ ജനങ്ങള്‍ക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമാകും. താപനില 2 ഡിഗ്രിയായി ഉയര്‍ന്നാല്‍പ്പോലും 280 മില്യണ്‍ ജനങ്ങളുടെ താമസം വെള്ളത്തിനു നടുവിലായിരിക്കുമെന്നും ക്ലൈമറ്റ് സെന്‍ട്രല്‍ ഓര്‍മ്മിപ്പിക്കുന്നു.

നവംബര്‍ 30 ന് പാരീസില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചെയ്ഞ്ച് സമ്മിറ്റില്‍ ഓസ്‌ട്രേലിയയെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പങ്കെടുക്കും. ലോകരാജ്യങ്ങളിലെ മറ്റു പ്രമുഖ നേതാക്കളും പാരീസിലെ മീറ്റിംഗില്‍ ഭാഗമാകാന്‍ എത്തും. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും പരിഗണിക്കപ്പെടും.

ഡി

Share this news

Leave a Reply

%d bloggers like this: