വിന്റര്‍ ഫ്‌ലൂ എത്തി.. പ്രതിരോധകുത്തിവയ്‌പ്പെടുക്കാന്‍ ഇനിയും വൈകിയിട്ടില്ല

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വിന്റര്‍ ഫ്‌ലൂ എത്തിക്കഴിഞ്ഞു. പനി ബാധിച്ചെത്തിയ ആദ്യ രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലും പ്രവേശിപ്പിച്ചു. പനി പടരുകയാണ്. എന്നാല്‍ ആശങ്കയുണര്‍ത്തുന്ന നിലയിലേക്ക് പനിയുടെ വ്യാപനം എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍. പനി ബാധിച്ച് ഇതുവരെ അഞ്ചുപേരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായാണ് രാജ്യത്തെ ഡിസീസ് വാച്ച്‌ഡോഗ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നുമുതല്‍ ഈ ആഴ്ചവരെ 8 പേരാണ് പനിയ്ക്ക് ചികിത്സയ്‌ക്കെത്തിയതെന്നാണ് ജിപി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരുലക്ഷം പേരില്‍ 3.7 ശതമാനം പേര്‍. എന്നാല്‍ ഈ തണുപ്പുകാലത്ത് ഒരു ലക്ഷം പേരില്‍ 18 ശതമാനത്തിനെങ്കിലും പനിപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരംഭത്തിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. വിന്ററിലെ പനിയെയും അതുമായി ബന്ധപ്പെട്ട അസുഖങ്ങളെയും പ്രതിരോധിക്കാന്‍ വാക്‌സിനേഷനിലൂടെ കഴിയും.

ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ഹോസ്പിറ്റലിലെത്തുന്നവരുടെ എണ്ണവും ഈ സമയത്ത് വര്‍ധിക്കുമെന്നാണ് ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍(ഒജടഇ) അറിയിക്കുന്നത്. പനി ബാധിച്ച് ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ലെന്നും ഒജടഇ വ്യക്തമാക്കി.

അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകളില്‍ ട്രോളി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഹോസ്പിറ്റലെ തിരക്ക് വര്‍ധിക്കുന്നതിന് കാരണമാകും. പനി പിടിക്കാന്‍ സാധ്യതയുള്ളവരും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓരോ വര്‍ഷവും പനിക്കാലത്ത് എച്ച്എസ്ഇ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താറുണ്ടെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കാറുണ്ടെന്നും ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ അറിയിച്ചു.

പനി ബാധയുണ്ടാകാന്‍ സാധ്യത കൂടുതലുള്ള രോഗികളും 65 വയസിനുമുകളില്‍ പ്രായമായവരും, ദീര്‍ഘകാലമായി എന്തെങ്കിലും അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും, ഗര്‍ഭിണികളായ സ്ത്രീകളും അമിതവണ്ണം രോഗാവസ്ഥയിലെത്തിച്ചവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും രോഗസാധ്യത കൂടുതലാണ്. ഇത്തരം മേഖലയില്‍ ജോലി ചെയ്യുന്നവരും വാക്‌സിനേഷന്‍ എടുത്തിരിക്കണം.

വാക്‌സിന്‍ എടുക്കുന്നതിലൂടെ പനിക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള 3 തരം പനികളെയെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. രോഗം തടയാനും വൈറസ് ബാധമൂലമുണ്ടാകുന്ന മരണം വരെ തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷന്‍ എടുക്കുന്നതാണെന്ന് വരേദ്കാര്‍ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ പനിക്കാലത്ത് യൂറോപ്യന്‍ യൂണിയനില്‍ ശരാശരി 40,000 പേരെങ്കിലും മരിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാതരം പനികളെയും പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ കൊണ്ടു സാധ്യമല്ലാതിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം ഫ്‌ലൂ വാക്‌സിനേഷന്‍ പൂര്‍ണമായും ഫലപ്രദമായില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വാക്‌സിനേഷനിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും ഹോസ്പിറ്റലിലെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഈ വര്‍ഷവും ഫ്‌ലൂ വാക്‌സിന്‍ 40 മുതല്‍ 90 ശതമാനം വരെ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പനി ബാധിക്കാന്‍ സാധ്യതയുള്ള ഗ്രൂപ്പില്‍പെടുന്നവര്‍ക്ക് ജിപിയെ സമീപിച്ചാല്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കുന്നതാണ്. കൂടാതെ 18 വയസു പൂര്‍ത്തിയായവര്‍ക്ക് ഫാര്‍മസിസ്റ്റിന്റെ അടുത്തുനിന്നും വാക്‌സിന്‍ ലഭിക്കും. മെഡിക്കല്‍ കാര്‍ഡോ ജിപി കാര്‍ഡോ ഉള്ള വ്യക്തികളില്‍ നിന്ന് ഇതിന് ചാര്‍ജ് ഈടാക്കരുതെന്ന് ജിപിമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2015-2016 ഫ്‌ലൂ സീസണില്‍ എല്ലാ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും ഫ്‌ലൂ വാക്‌സിന്‍ ലഭ്യമാകുമെന്ന് വരേദ്കാര്‍ അറിയിച്ചു.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ശരീരത്തിലെ താപനില ഉയരും, പേശീവേദന, വരണ്ട ചുമ, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

എജെ

Share this news

Leave a Reply

%d bloggers like this: