പി.സി.ജോര്‍ജിനെ അയോഗ്യനാക്കി

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. സ്പീക്കര്‍ എന്‍.ശക്തനാണ് ജോര്‍ജിനെ അയോഗ്യനാക്കിയ വിവരം പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ്-എം അംഗവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നല്കിയ പരാതി പരിഗണിച്ചായിരുന്നു സ്പീക്കറുടെ നടപടി. ഈ നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യത തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.

അയോഗ്യത മുന്നില്‍ കണ്ടട ജോര്‍ജ് വ്യാഴാഴ്ച സ്പീക്കര്‍ക്കു രാജിക്കത്ത് നല്കിയിരുന്നു. എന്നാല്‍, സ്പീക്കര്‍ രാജിക്കത്ത് തള്ളുകയായിരുന്നു. അയോഗ്യനാക്കിയെങ്കിലും ജോര്‍ജിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. 2015 ജൂണ്‍ മൂന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ജോര്‍ജിനെ അയോഗ്യനാക്കിയത്. എന്നാല്‍, ഇക്കാലയളവില്‍ സ്വീകരിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ് ചെയര്‍മാനായ എസിഡിഎഫ് എന്ന സംഘടന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് അയോഗ്യത ആവശ്യപ്പെട്ട് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് പരാതി നല്കിയത്. ജൂലൈ 21-നായിരുന്നു ഉണ്ണിയാടന്റെ പരാതി. തുടര്‍ന്ന് നിരവധി തവണ പരാതിക്കാരുടെയും ജോര്‍ജിന്റെയും വാദം സ്പീക്കര്‍ കേട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ എന്നിവരില്‍ നിന്നും സ്പീക്കര്‍ തെളിവെടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അന്തിമവിധിയില്‍ എത്തിയത്.

കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച ജോര്‍ജ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സ്പീക്കര്‍ക്കും പരാതി നല്കിയിരുന്നു. പിന്നീടാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിക്ക് എതിരായി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എസിഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.ദാസിനൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും ജോര്‍ജ് പോയി. ഇതെല്ലാം തെളിയിക്കുന്നത് ജോര്‍ജ് സ്വയം പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു എന്നാണെന്നും സ്പീക്കര്‍ അയോഗ്യത കല്പിച്ചുള്ള വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തന്റെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരുന്നത് ചട്ടലംഘനമാണെന്നും, സ്പീക്കറെ കൊണ്ട് ആരാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് അറിയാമെന്നും കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അയോഗ്യനാക്കിയ വിവരമറിഞ്ഞ ജോര്‍ജ് പറഞ്ഞു

-എജെ-

Share this news

Leave a Reply

%d bloggers like this: