ഭീകരാക്രമണത്തിന് പിന്നില്‍ മൂന്ന് സഹോദരങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു

പാരീസ്: ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ മൂന്ന്  സഹോദരങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതിലൊരാളുടെ ചിത്രം ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു. അതിനിടെ സിറിയയിലെ ഐഎസ് ശക്തികേന്ദ്രത്തില്‍ ഫ്രാന്‍സിന്റെ പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി.
സാലാ അബ്ദസലാം എന്ന 26കാരന്റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് സെന്ററിലേക്ക് കാറോടിച്ച് എത്തിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഫ്രഞ്ച് സഹോദരങ്ങളില്‍ ഒരാളാണ് അബ്ദസാലാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരങ്ങളില്‍ ഒരാള്‍ ബെല്‍ജിയത്തില്‍ പിടിയിലായി.

മറ്റൊരാള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് നിഗമനം. ബ്രസ്സല്‍സ് സ്വദേശിയായ അബ്ദസാലം ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് ബെല്‍ജിയം പുറപ്പെടുവിച്ചു. വ്യാപകമായ തെരച്ചിലാണ് ബ്രസ്സല്‍സില്‍ നടക്കുന്നത്. മറ്റൊരു ഫ്രഞ്ച് പൗരന്‍ 29കാരന്‍ ഒമര്‍ ഇസ്മായില്‍ മൊസ്തഫെ ആണ് അക്രമികളില്‍ ഒരാളെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിരലടയാളങ്ങള്‍ പരിശോധിച്ചാണ് ബാറ്റാക്ലാന്‍ ആക്രമണത്തില്‍ ഒമറിന്റെ പങ്ക് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ആറ് ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലാണ്.
കിഴക്കന്‍ പാരിസിലെ മോന്തൈലില്‍ ഭീകരരുടേതെന്ന് കരുതുന്ന കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

കാറില്‍ ആയുധങ്ങളുമുണ്ടായിരുന്നു. ഇവിടെ നിന്ന് അക്രമികളില്‍ ചിലര്‍ ബെല്‍ജിയം വഴി രക്ഷപ്പെട്ടിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നു. ബാറ്റാക്ലാന്‍ സെന്ററിന് മുന്നില്‍ നിന്ന് ബെല്‍ജിയന്‍ രജിസ്‌ട്രേഷനുള്ള വാഹനവും കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ 7 പേരാണ് പിടിയിലായത്. അതിനിടെ സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാഘയില്‍ ഫ്രഞ്ച് പൊര്‍ വിമാനങ്ങള്‍ വ്യാപക ആക്രമണം നടത്തി. 10 വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഐഎസ് പരിശീലന കേന്ദ്രം ഉള്‍പ്പെടെ തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. അതേസമയം ഫ്രാന്‍സില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയുമായി ആയിരങ്ങള്‍ തെരുവുകളില്‍ ഒത്തുകൂടി.

Share this news

Leave a Reply

%d bloggers like this: