പാരീസ് ഭീകരാക്രമണം: അബ്ദേല്‍ ഹമീദ് മുഖ്യസൂത്രധാരന്‍ എന്നു സൂചന

പാരീസില്‍ 130 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ ബെല്‍ജിയം സ്വദേശി 27 കാരനായ അബ്ദേല്‍ ഹമീദ് അബൗദ് ആണെന്ന് ഫ്രെഞ്ച് അന്വേഷണ സംഘം വെളിപ്പെടുത്തി. യൂറോപ്പില്‍ ഐഎസ് നടത്തിയ മിക്ക ആക്രമണങ്ങളുടെയും പ്രധാന സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫ്രെഞ്ച്, ബെല്‍ജിയം പോലീസിന്റെ നേതൃത്വത്തില്‍ നിരവധി പരിശോധനകള്‍ നടത്തി.

പരിശോധനയില്‍ ഒരു റോക്കറ്റ് ലോഞ്ചര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബ്രസല്‍സിലെ മോളന്‍ബീക്കിലാണ് അബ്ദേലിന്റെ വാസസ്ഥലം. ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഐഎസിന്റെ മറ്റു പ്രവര്‍ത്തകരും ഇവിടെയാണ് താമസിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിലാണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകനായ അബ്ദേലിനെക്കുറിച്ച് ഐഎസിന്റെ ഓണ്‍ലൈന്‍ മാസിക ദബിഖ് അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സിറിയയില്‍ ജിഹാദില്‍ പങ്കെടുക്കാനായി ബെല്‍ജിയത്തില്‍ നിന്നു പോയ 13 കാരന്റെ സഹോദരന്‍ എന്ന നിലയില്‍ പല മാധ്യമങ്ങളും അബ്ദേലിനെ അവതരിപ്പിച്ചിരുന്നു. നേരത്തേ തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരും പാരീസ് ആക്രമണത്തില്‍ പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

28 കാരനായ സോമി അമിമോര്‍ ആണ് ബാറ്റാക്ലാന്‍ സംഗീത വേദിക്കു പുറത്ത് ആക്രമണം നടത്തിയതെന്നും പോലീസ് വെളിപ്പെടുത്തി. ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടതും ഇവിടെയായിരുന്നു. പാരീസിന്റെ വടക്കന്‍ മേഖലയിലെ ഡ്രാന്‍സിയില്‍ നിന്നുള്ള അമിമോര്‍ നേരത്തേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേക്കു കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ വ്യക്തയാണ്. 2013 മുതല്‍ ഇയാളെ കാണാതായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ സിറിയയിലേക്കു പോയതായി കുടുംബാംഗങ്ങള്‍ പോലീസിനോടു പറഞ്ഞു. സിറിയന്‍ പാസ്‌പോര്‍ട്ട് കൈയില്‍ നിന്നു ലഭിച്ച മറ്റൊരാളാണ് പോലീസ് തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തി. എന്നാല്‍ ഇയാളുടെ പാസ്‌പോര്‍ട്ടിലെ അഹമ്മദ് അല്‍ മുഹമ്മദ് എന്ന പേരി യഥാര്‍ഥമാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല. ബെല്‍ജിയം പോലീസ് ബ്രസല്‍സില്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: