അഞ്ച് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫ് ഭരണം

തിരുവനന്തപുരം: നാടകീയതകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഥമ മേയര്‍ സ്ഥാനം എല്‍ഡിഎഫ് നേടിയതോടെ സംസ്ഥാനത്തെ ആറു കോര്‍പറേഷനിലും അഞ്ചിടത്തും ഭരണം നേടി എല്‍ഡിഎഫ് ആധിപത്യം ഉറപ്പിച്ചു. കൊച്ചി കോര്‍പറേഷനില്‍ മാത്രമായി യുഡിഎഫ് ഭരണം ഒതുങ്ങി. കൊച്ചി കോര്‍പറേഷന്‍ മേയറായി സൗമിനി ജെയിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 41 അംഗങ്ങളുടെ പിന്തുണയോടെയാണ് സൗമിനി ജെയിന്‍ മേയറായത്. മുന്‍ കൗണ്‍സിലില്‍ വര്‍ക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നു സൗമിനി ജെയിന്‍.

തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ കഴക്കൂട്ടം വാര്‍ഡില്‍ നിന്നു വിജയിച്ച സിപിഎമ്മിലെ അഡ്വ. വി.കെ. പ്രശാന്ത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 42 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പ്രശാന്ത് മേയറാകുകയായിരുന്നു. ഇടതുമുന്നണിക്ക് 43 കൗണ്‍സിലര്‍മാറുണ്ടായിരുന്നെങ്കിലും ഒരാളുടെ വോട്ട് അസാധുവായി. സിപിഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ നേതാവുമാണ് പ്രശാന്ത്.

സിപിഎമ്മിലെ അഡ്വ.വി. രാജേന്ദ്രബാബുവാണ് കൊല്ലം കോര്‍പറേഷന്‍ മേയര്‍. 55 അംഗ കോര്‍പറേഷനില്‍ 36 പേരുടെ പിന്തുണയോടെയാണ് രാജേന്ദ്രബാബു മേയറായത്. ഉളിയക്കോവില്‍ ഈസ്റ്റില്‍നിന്ന് വിജയിച്ച രാജേന്ദ്രബാബു രണ്ടാം തവണയാണ് മേയറാകുന്നത്.

തൃശൂര്‍ കോര്‍പറേഷനില്‍ സിപിഎമ്മിന്റെ അജിത ജയരാജനെ മേയറായി തെരഞ്ഞെടുത്തു. അമ്പത്തഞ്ചംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ കേവല ഭൂരിപക്ഷത്തിന് 28 പേരുടെ പിന്തുണ വേണമെങ്കിലും ഒരു എല്‍ഡിഎഫ് വിമതന്റേതടക്കം 26 വോട്ടാണു എല്‍ഡിഎഫിനു ലഭിച്ചത്. രണ്ടു വിമതരെ കോണ്‍ഗ്രസ് തിരിച്ചെടുത്തതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മകളുമായ സി.ബി. ഗീതയ്ക്ക് 23 വോട്ടു ലഭിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ മേയറായി സിപിഎമ്മിന്റെ വി.കെ.സി. മമ്മദ്‌കോയ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടിന്റെ ഇരുപത്തഞ്ചാമത്തെ മേയറായാണ് അരീക്കാട് ഡിവിഷനില്‍നിന്നു സിപിഎം ടിക്കറ്റില്‍ കൗണ്‍സിലിലെത്തിയ വി.കെ.സി. ഇന്നു തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ബേപ്പൂര്‍ എംഎല്‍എ കൂടിയായ വി.കെ.സി. മമ്മദ്‌കോയ അരീക്കാട് 41-ാം വാര്‍ഡില്‍നിന്ന് 202 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: