നിങ്ങളിപ്പോള്‍ സര്‍ക്കാരാണ്…ആരോപണങ്ങള്‍ അന്വേഷിച്ച് തന്നെ ജയിലില്‍ അടക്കാന്‍ രാഹുലിന്‍റെ വെല്ലുവിളി

ന്യൂഡല്‍ഹി: വിദേശപൗരത്വ ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി ‘ചങ്ങാതി’കളെ ഉപയോഗിച്ചു തനിക്കുമേല്‍ ചെളിവാരിയെറിയുകയാണെന്നും യു.കെ. പൗരത്വമുണ്ടെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനു മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ 98ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുനടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. താന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ബി.ജെ.പിയും ആര്‍.എസ്.എസും തന്റെ കുടുംബത്തിനുമേല്‍ ചെളിവാരിയെറിയാറുണ്ട്. ഇതൊന്നും കണ്ടു താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും ബി.ജെ.പിക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.

‘എന്റെ മുത്തശ്ശി, അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരേ ആര്‍.എസ്.എസിലേയും ബി.ജെ.പിയിലേയും ആളുകള്‍ ചെളിവാരിയെറിയുന്നത് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കണ്ടിട്ടുണ്ട്. ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എനിക്കെതിരേ പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും തരിമ്പും സത്യമില്ല. മോഡിജി ഇതു താങ്കളുടെ സര്‍ക്കാരാണ്. നിങ്ങള്‍ക്ക് ഏജന്‍സികളുണ്ട്. എനിക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാരനെന്നു കണ്ടാല്‍ ജലിലില്‍ അടയ്ക്കു. എന്റെയും എന്റെ കുടുംബത്തിന്റേയും നേര്‍ക്ക് നിങ്ങളുടെ ചങ്ങാതിമാര്‍ വഴി ചെളിയെറിയുന്നത് നിര്‍ത്തു. ഇപ്പോള്‍ നിങ്ങള്‍ പ്രതിപക്ഷത്തല്ല , നിങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിലാണ്.’

സുബ്രഹ്മണ്യം സ്വാമിയടെ പേരെടുത്തുപറഞ്ഞില്ലെങ്കിലും യു.കെയില്‍ ഒരു കമ്പനി തുടങ്ങുന്നയതിനു ബ്രിട്ടീഷ് പൗരനാണെന്നു തെളിയിക്കുന്ന രേഖകള്‍ രാഹുല്‍ ഗാന്ധിതന്നെ ഉപയോഗിച്ചു എന്നുള്ള സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ ആരോപണത്തിനുള്ള മറുപടിയായിരുന്നു രാഹുലിന്റേത്.

Share this news

Leave a Reply

%d bloggers like this: