പാരീസില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഐഎസ്; വൈറ്റ് ഹൗസ് ചുട്ടെരിക്കും,ഒബാമയേയും ഫ്രാന്‍സ്വാ ഒലാന്റിയേയും വധിക്കും, റോമിനെ ആക്രമിക്കും; യുഎസിലും യൂറോപ്പിലും കനത്ത ജാഗ്രത നിര്‍ദേശം

വാഷിംഗ്ടണ്‍: പാരീസ് ആക്രമണത്തിനു പിന്നാലെ പുതിയ ഭീഷണികളുമായി ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തകര്‍ക്കുമെന്നും പാരീസില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കി. പാരീസ് ആക്രമണത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്റ്, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, എന്നിവരെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിക്കുമെന്നും ഭീഷണിമുഴക്കിയിട്ടുണ്ട്.’പാരിസ് ബിഫോര്‍ റോം’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോയില്‍ ആറ് മിനിറ്റ് നീണ്ട ദൃശ്യങ്ങളുണ്ട്.

ഫ്രാന്‍സില്‍ തുടങ്ങിവെച്ചത് വൈറ്റ് ഹൗസില്‍ അവസാനിപ്പിക്കും. വൈറ്റ്ഹൗസിന് തീവെയ്ക്കുമെന്നും വീഡിയോയില്‍ ഐഎസ് ഭീകരന്‍ ഭീഷണി മുഴക്കുന്നു. ശത്രുക്കളെ നായ്ക്കളെന്നും അടിമകളെന്നും വിളിച്ചുള്ള വീഡിയോയില്‍ അവരെ ബെല്‍റ്റ് ബോംബുകൊണ്ടും കാര്‍ബോംബുകൊണ്ടും ചുട്ടെരിക്കുമെന്നും പറയുന്നു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമും ആക്രമിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ബഗ്ദാദിനടത്തുള്ള ഐഎസ് കൈവശംവെക്കുന്ന പ്രദേശമായ ദിജ്‌ലയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലും ടൈംസ് സ്‌ക്വെയറിലും ആക്രമണം നടത്തുമെന്ന് മറ്റൊരു വീഡിയോ സന്ദേശത്തില്‍ ഐഎസ് ഭീകരര്‍ പറയുന്നു.

ലോകമാകെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയുള്ള വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക, മിലാനിലെ കത്രീഡലുകള്‍, ലാ സ്‌കാലാ ഓപ്‌റ ഹൗസ് തുടങ്ങിയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇറ്റലിക്ക് മുന്നറിയിപ്പ് നല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: