യുഎസില്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ ബില്‍ പാസാക്കി

വാഷിംങ്ടണ്‍: സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്ള പുതിയ ബില്ല് അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ നിരവധി ഡെമോക്രാറ്റുകളും പിന്തുണച്ചു. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്ല് മുന്നോട്ട് വച്ചിരിക്കുന്നത്.

സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് അഭയം നല്‍കുന്നതിന് കര്‍ശന പരിശോധനകളാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബില്ലിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്നാണ് ഒബാമ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം.

ഇതിനിടെ യുഎസില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് എതിരെ വികാരം ശക്തമായി തുടങ്ങിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും അഭയാര്‍ത്ഥികലെ സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഗ്രീസില്‍ നിന്ന് മോഷ്ടിച്ച പാസ്പോര്‍ട്ടുമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ ഹോണ്ടുറാസില്‍ വെച്ച് പിടികൂടിയിരുന്നു. ഇവര്‍ പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിക്കുന്നത് അധികൃതരുടെ കണ്ണില്‍ പെടുകയാണുണ്ടായത്. അഞ്ച് പേരാണ് ഇത്തരത്തില്‍ കുടുങ്ങിയത്.

Share this news

Leave a Reply

%d bloggers like this: