തുര്‍ക്കി അതിര്‍ത്തിയില്‍ വീണ്ടും റഷ്യയുടെ വ്യോമാക്രമണം

മോസ്‌കോ: പ്രകോപനം സൃഷ്ടിച്ച് തുര്‍ക്കി അതിര്‍ത്തിയില്‍ വീണ്ടും റഷ്യയുടെ വ്യോമാക്രമണം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങളിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച മാത്രം ലടാകിയ പ്രവിശ്യയില്‍ ഒരു ഡസനിലേറെ വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഐഎസ് ഭീകരരുടെ കേന്ദ്രമായ ആലപ്പോ പ്രവിശ്യയിലെ അസാസിലും റഷ്യ വ്യോമാക്രമണം നടത്തി. സിറയന്‍ വിമതര്‍ക്കെതിരായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്നും വ്യോമാക്രമണങ്ങള്‍ തുടരുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വ്യക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

യുദ്ധവിമാനം വെടിവച്ചിട്ട തുര്‍ക്കിയുടെ നടപടിയെത്തുടര്‍ന്ന് സിറിയയിലേക്ക് അത്യാധുനിക എസ്-400 മിസൈല്‍ സിസ്റ്റം അയയ്ക്കാന്‍ പ്രസിഡന്റ് പുടിന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ സിറിയയിലെ ലടാക്കിയ തുറമുഖ നഗരത്തിലെ ഹെമയ്മീം വ്യോമത്താവളത്തില്‍ മിസൈലുകള്‍ വിന്യസിച്ചു. ദീര്‍ഘദൂര മിസൈലുകള്‍ ഘടിപ്പിച്ച മോസ്‌ക്‌വാ എന്ന യുദ്ധക്കപ്പലും ലടാക്കിയയില്‍ നങ്കൂരമിട്ടു. കപ്പല്‍വേധ മിസൈലുകളും ടോര്‍പ്പിഡോകളും ഇതിലുണ്ട്. കൂടാതെ 150 കിലോമീറ്റര്‍ പരിധിയിലുള്ള വിമാനങ്ങളും മറ്റും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളും മോസ്‌ക്‌വായിലുണ്ട്. ലടാക്കിയയില്‍നിന്നു ദക്ഷിണ തുര്‍ക്കി മേഖലയിലുള്ള ഏതു വിമാനവും മിസൈലും തകര്‍ക്കാന്‍ മോസ്‌ക്‌വായിലെ മിസൈലുകള്‍ക്കാവും.

-എജെ-

Share this news

Leave a Reply

%d bloggers like this: