മരവിച്ചുപോയ അധികാര-മാധ്യമ മനസാക്ഷിക്കു മുന്നില്‍ ഞങ്ങളുടെ കണ്ണീര്‍ പ്രണാമം

കൊച്ചി: നിര്‍ധന യുവാവിന് പുതുജീവന്‍ നല്‍കാന്‍ സ്വന്തം കരള്‍ പകുത്തു നല്‍കി മാതൃക കാട്ടിയ കോരുത്തോട് സ്വദേശി കുഞ്ചാക്കോ എന്ന ചാക്കോ തോമസ് മരിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് നാട്ടുകാര്‍ ശക്തമായി ആരോപിക്കുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം കൃത്യമായ പരിചരണം ലഭിക്കാതിരുന്നതു മൂലം അണുബാധയുണ്ടായാണ് കുഞ്ചാക്കോ മരിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

അഴിമതിക്കും അക്രമത്തിനുമെതിരേ നിര്‍ത്താതെ വായിട്ടലയ്ക്കുന്ന ചാനല്‍ പ്രമാണികളും നിശബ്ദത പാലിച്ചു. സംഭവം പുറത്തു വരാതിരിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ വരെ നടന്നുവെന്നും ആരോപണമുണ്ട്. സ്വന്തം അനാസ്ഥ മറച്ചുവെച്ച് ആശുപത്രിയുടെ നല്ല പേര് ചീത്തപ്പേരാക്കാതെ നോക്കുന്നതില്‍ എല്ലാവരുടെയും കൂട്ടായ ശ്രമങ്ങള്‍ക്കൊടുവില്‍ ശുപര്യവസായിയായ അന്ത്യവും കുറിക്കപ്പെട്ടു. എല്ലാ മാധ്യമങ്ങളിലും കുഞ്ചാക്കോയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതരുടെ അനാസ്ഥ സംബന്ധിച്ച് ആരും മിണ്ടിയിട്ടില്ല.

മരവിച്ചുപോയ അധികാര മാധ്യമ മനസാക്ഷിക്കു മുന്‍പില്‍ കുഞ്ചാക്കോയ്ക്ക് ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമമര്‍പ്പിക്കുന്നു. ഈ നാട്ടിലെ സര്‍വ സൈന്യാധിപരായ മാധ്യമ കുത്തകളുടെയും അധികാര വര്‍ഗത്തിന്റെയും വലിയ ശക്തിക്കു മുന്‍പില്‍ ഞങ്ങളുടെ ജിഹ്വയ്ക്ക് അത്രയൊന്നും ശക്തിയില്ല. ഈ വാക്കുകള്‍ അത്രമേല്‍ ഉച്ചത്തില്‍ പടര്‍ന്നു കയറുകയുമില്ല. എങ്കിലും മനുഷ്യസ്‌നേഹിയായ ഒരു നല്ല മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാതെ വന്ന പാകപ്പിഴ അത് ഒരു പിഴവാണെങ്കില്‍ അതു ചോദ്യം ചെയ്യപ്പെടാതെയും അന്വേഷണ വിധേയമാക്കാതെയും മറവിയുടെ കയങ്ങളിലേക്ക് തള്ളിവിടുന്നതാര്, എന്തിന് എന്ന ചോദ്യം മാത്രമാണ് ഞങ്ങള്‍ക്കുന്നയിക്കാനുള്ളത്. വന്‍കിട ബ്രാന്‍ഡുകളുടെയും മനുഷ്യ ദൈവങ്ങളുടെയും സ്വാധീന ശക്തിക്കു മുന്‍പില്‍ വളഞ്ഞു നില്‍ക്കാന്‍ പാകത്തിലുള്ള ബലം കുറഞ്ഞ നട്ടെല്ല് സ്വന്തമായില്ലാത്ത കെട്ടവരായിപ്പോയതു കൊണ്ടു മാത്രമാണ് ഈ ചോദ്യം ഞങ്ങള്‍ക്കു ചോദിക്കേണ്ടി വരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിനു ശേഷം ഒരു ചാനലില്‍ പോലും ഈ വാര്‍ത്ത വന്നില്ല. ഇത്രയും ഗൗരവമായ വിഷയമായിട്ടുപോലും ഒരു നേര്‍ത്ത ശബ്ദം പോലും പൊങ്ങി വരാത്തതിലുള്ള വേദനയാണ് ഞങ്ങള്‍ പങ്കുവെയ്ക്കുന്നത്. എല്ലാം ഒതുക്കി തീര്‍ത്ത് അല്ലെങ്കില്‍ അടിച്ചൊതുക്കി വെക്കുന്ന ചരിത്രമുള്ള ഈ ആശുപത്രി അധികൃതര്‍ ഈ രാത്രി സുഖമായുറങ്ങുമ്പോള്‍ കണ്ണീരു വറ്റാത്ത ഒരു കുടുംബം അവരുടെ നഷ്ടത്തെയോര്‍ത്ത് വിലപിക്കുന്നു. അവയവദാനത്തിന്റെ മഹത്വം പ്രസംഗിക്കുന്നവര്‍ എവിടെ? അവയവം സ്വീകരിക്കുന്ന വ്യക്തിയേപ്പോലെ തന്നെയുള്ള ശ്രദ്ധയും പരിചരണവും അവയവം ദാനം ചെയ്ത വ്യക്തിക്കും ലഭിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ആരാണ് ഉത്തരം നല്‍കാനുള്ളത്. കൈപ്പിഴ മൂലമാണെങ്കിലും അല്ലെങ്കിലും സംഭവം അന്വേഷണ വിധേയമാക്കാതെ പോകുന്നത് ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാറത്തോട് പുത്തന്‍പുരയ്ക്കല്‍ റോജി ജോസഫിനാണ് മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ടില്‍ കുഞ്ചാക്കോ(54) കരളിന്റെ അറുപത് ശതമാനവും പകുത്തു നല്‍കിയത്. റോജി ജോസഫിന്റെ കരള്‍രോഗം ചികിത്സിക്കാനായി നാട്ടുകാര്‍ ലക്ഷങ്ങള്‍ സമാഹരിച്ചെങ്കിലും ദാതാവിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കാഞ്ഞിരപ്പിള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയായ കുഞ്ചാക്കോ കരള്‍ ദാനം ചെയ്യാന്‍ സന്നദ്ധനാകുകയായിരുന്നു. ബന്ധുക്കള്‍ പോലും മടിച്ചു മാറി നിന്നിടത്താണ് ജനകീയനായ കുഞ്ചാക്കോ തന്റെ കരള്‍ നല്‍കാന്‍ സന്നദ്ധനായത്. രോഗിയുടെ ബന്ധുവല്ലാത്തതിനാല്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശസ്ത്രക്രിയയ്ക്ക് സാഹചര്യമൊരുങ്ങിയത്. ഒരു ജീവന്‍ രക്ഷിക്കാനായി വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ഡിഎംഒ, ഡിവൈഎസ്പി തുടങ്ങി നിരവധി പേരുടെ ഓഫീസുകള്‍ ആ മനുഷ്യസ്‌നേഹിയും കുടുംബവും കയറിയിറങ്ങി. ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പിലാണ് കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായി വയറില്‍ വെള്ളം കെട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കുഞ്ചാക്കോ മരണത്തിന് കീഴടങ്ങിയത്. അമൃത അശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ശസ്ത്രിക്രിയയെ തുടര്‍ന്ന് കുഞ്ചാക്കോയെ ഐസിയുവില്‍ നിന്ന് മൂന്നുനാലുപേരുള്ള വാര്‍ഡിലേക്ക് മാറ്റിയെന്നും ഇതാണ് അണുബാധയ്ക്ക് കാരണമായതെന്നുമാണ് ആരോപണം. നില വഷളായതിനെ തുടര്‍ന്ന് കുഞ്ചാക്കോയെ ശനിയാഴ്ച വീണ്ടും ഐസിയുവിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ഗ്രാമവികാസ് സാംസ്‌കാരിക ചെയര്‍മാര്‍, നെഹ്‌റു സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂവപ്പള്ളി പെരുന്നപ്പള്ളി കുടുംബാംഗമായ ലിസമ്മ ഭാര്യയും സുമി, പൊന്നി, റോബിന്‍ എന്നിവര്‍ മക്കളുമാണ്.

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയമെത്തിച്ച സംഭവം ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഈ പാവം നാട്ടിന്‍പുറത്തുകാരന്റെ നന്മ മനസ് കണ്ടില്ലെന്നു നടിക്കുകയാണ്. ചികിത്സാ പിഴവ് തന്നെയാണ് മരണകാരണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നില്ല. അതു പറയേണ്ടത് അധികൃതരാണ്. പക്ഷേ അതിന് നിക്ഷ്പക്ഷമായ അന്വേഷണം, പ്രത്യേകിച്ച് അത്തരമൊരു ആരോപണം നാട്ടുകാരും ബന്ധുക്കളും ഉന്നയിക്കുന്ന സാഹചര്യത്തില്‍, ഉണ്ടായേ തീരൂ. എന്തെങ്കിലും മൂടി വെയ്ക്കാനുള്ളതു കൊണ്ടാണോ അന്വേഷണത്തിനു തയാറാകാത്തതെന്ന സംശയം മാത്രമേ ഞങ്ങള്‍ ഉന്നയിക്കുന്നുള്ളൂ.

Share this news

Leave a Reply

%d bloggers like this: