പാപ്പരത്ത കാലാവധി വെട്ടിക്കുറയ്ക്കുന്നതിനുള്ള നിയമം ക്രിസ്മസിന് നിലവില്‍ വരും

ഡബ്ലിന്‍: പാപ്പരത്ത കാലാവധി (ബാങ്ക്‌റപ്റ്റ്‌സി ടേം) ഒരു വര്‍ഷമായി ചുരുക്കുന്നതിനുള്ള നിയമം ക്രിസ്മസ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. രാജ്യത്തെ പാപ്പരത്ത നിയമം പരിഷ്‌ക്കരിക്കുന്നതിന് നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സമര്‍പ്പിച്ച നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചു.

ക്രിസ്മസിനു മുന്‍പ് നിയമം നടപ്പാക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ബര്‍ട്ടന്‍ പറഞ്ഞു. പാപ്പരത്ത കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി ചുരുക്കണമെന്നാവശ്യപ്പെട്ട് ആദ്യം നിര്‍ദേശം സമര്‍പ്പിച്ചത് ലേബര്‍ ടിഡി വില്ലി പെന്റോസ് ആയിരുന്നു. നിരവധി ഐറിഷ് പൗരന്മാര്‍ വിദേശത്തേക്ക് പോകുകയും അവിടെ നിന്ന് അവര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു. ഇതു നിയന്ത്രിക്കുന്നതിനായാണ് നിയമം പരിഷ്‌ക്കരിക്കുന്നത്. കടക്കാരില്‍ നിന്ന് തങ്ങളുടെ സ്വത്തുവകകളും വരുമാനം സംബന്ധിച്ച വിവരങ്ങളും മറച്ചുവെക്കുന്നവര്‍ക്കുള്ള പിഴ തുകയും വര്‍ധിപ്പിക്കും.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സ്വത്തുവിവരങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്ക് പാപ്പരത്ത കാലാവധി നിര്‍ദിഷ്ട ഒരു വര്‍ഷ കാലാവധിയില്‍ നിന്ന് 15 വര്‍ഷമാക്കി ഉയര്‍ത്തും. നിലവില്‍ മൂന്നു വര്‍ഷത്തില്‍ എട്ടു വര്‍ഷമായാണ് കാലാവധി വര്‍ധിപ്പിക്കുക.

-എജെ-

Share this news

Leave a Reply

%d bloggers like this: