കനത്ത മഴ …ചെന്നൈ വിമാനത്താവളം അടച്ചു..രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം ഇറങ്ങി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് തമിഴ്‌നാട്ടില്‍ പെയ്യുന്നത്. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ബംഗലൂരുവിലേക്കും ഹൈദരാബാദിലേക്കും വഴിതിരിച്ച് വിട്ടു. നാലായിരത്തോളം യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി.

ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള 19 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ ബീച്ച്താംബരംചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ചെന്നൈ വഴിവരുന്ന ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് നാല് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്കെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന രംഗത്തിറങ്ങി. താംബരം, ഊര്‍പാക്കം എന്നിവിടങ്ങളില്‍ സൈന്യം രംഗത്തിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാവിക സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്കു കാരണം. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചെന്നൈയിലെ പ്രധാന നാല് ജലസംഭരണികളും നിറഞ്ഞുകവിഞ്ഞു. അഡയാര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. തമിഴ്‌നാട്ടില്‍ ഇതിനകം ഇരുന്നൂറോളം പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് കണക്ക്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുവര്‍, വെല്ലൂര്‍ ഉള്‍പ്പെടെ എട്ട് ജില്ലകളില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ ഏഴ് ദിവസം മാത്രമാണ് സ്‌കൂളുകള്‍ തുറന്നത്. അര്‍ധവാര്‍ഷിക പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: