ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു, വീണ്ടും കനത്ത മഴ

 

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു. നന്ദംപാക്കം എംഐഒടി അന്താരാഷ്ട്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണു മരിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അടയാര്‍ നദി കരകവിഞ്ഞ് ഒഴുകിയിതിനെതുടര്‍ന്ന് ആശുപത്രിയുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. രോഗികളുടെ മരണം തമിഴ്‌നാട് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

ഇന്ന് പുലര്‍ച്ചെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ജനറേറ്ററിലാണ് എല്ലാ ആസ്പത്രികളും പ്രവര്‍ത്തിച്ചിരുന്നത്. ആസ്പത്രിയുടെ ബേസ്‌മെന്റിലായിരുന്ന ജനറേറ്റുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായതോടെ വൈദ്യുതി തടസപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാല്‍ ഈ രോഗികള്‍ രണ്ടു ദിവസം മുമ്പ് മരിച്ചതാണെന്നും ഇപ്പോഴാണ് വിവരം അറിയിക്കുന്നതെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

ആശുപത്രിയില്‍ 700 ഓളം രോഗികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 58 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഉള്ളവരായിരുന്നു. എല്ലാവരെയും സമീപത്തെ മറ്റ് ആശുപത്രികളിലേക്കു മാറ്റിയെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ അറിയിച്ചു.

അതേസമയം രാവിലെ തോര്‍ന്ന മഴ ഉച്ചയോടെ വീണ്ടും ശക്തമായി. മഴ മാറി നിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായതിനിടെയാണു വീണ്ടും മഴയെത്തിയത്. മഴ തോര്‍ന്ന് നിന്നിട്ടും വെള്ളപ്പൊക്കത്തിനു ശമനമുണ്ടായിരുന്നില്ല. മഴ വീണ്ടും ശക്തമായാല്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ഭീതിയിലാണ് ചെന്നൈ നിവാസികള്‍. രണ്ടു ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈക്കു പുറത്തേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: