മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.3 അടിയായി, കേരളം ആശങ്കയില്‍, ജാഗ്രതാ നിര്‍ദേശം നല്‍കി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് അദികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രിയും പദ്ധതിപ്രദേശത്ത് മഴ ശക്തമായി പെയ്തിരുന്നു. ഇന്നും നാളെയും ഇവിടെ മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായാല്‍ ജലനിരപ്പുപെട്ടന്ന് ഉയരും. ദുരന്തനിവാരണസേന പെരിയാര്‍ തീരമേഖലകളില്‍ ക്യാമ്പുചെയ്യുന്നുണ്ട്. അതേസമയം, സുപ്രീംകോടതി വിധി അനുവദിച്ച 142 അടിയിലെത്താതെ അനങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ നിര്‍ദേശാനുസരണം ഉപസമിതിയുടെ ഡാം പരിശോധന ഇന്നും തുടരും.

മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്ത് വീണ്ടും മഴപെയ്യാന്‍ തുടങ്ങിയതോടെ ജലനിരപ്പ് ഉയര്‍ന്നത്. വ്യാഴാഴ്ച ഇവിടെ 4.24 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ജലനിരപ്പ് 40.8 അടിയായി ഉയര്‍ന്നു. സെക്കന്റില്‍ 2083 ഘനയടി വെള്ളമാണ് വെള്ളിയാഴ്ച ഒഴുകിയെത്തിയത്. എന്നാല്‍ നിലവില്‍ 511 ഘനയടിവെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ഡാമിലെ ജലനിരപ്പ് 141 ലേക്കെത്തുന്ന സാഹചര്യത്തില്‍ ഉപസമിതി ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ജലനിരപ്പ് 142 അടിയായാല്‍ ഷട്ടര്‍ തുറന്ന് കേരളത്തിലേക്ക് ജലമൊഴുക്കാതെ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനാണ് തമിഴ്‌നാട് ജലവകുപ്പിന്റെ തീരുമാനം. തമിഴ്‌നാട്ടിലെ അണക്കെട്ടുകളില്‍ കൂടുതല്‍ ജലം സംഭരിച്ചുവെയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജലനിരപ്പ് 142 അടിയാകുമ്പോള്‍ സെക്കന്റില്‍ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകും. ഇതിനായി വൈഗാ ഡാമിലെ ജലനിരപ്പ് 65 അടിയായി കുറച്ചിരിക്കുകയാണ്.

എന്നാല്‍ ഇനിയും കനത്ത മഴപെയ്ത് ജലനിരപ്പുയര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടിവരും. ജലനിരപ്പ് 140 അടിയിലെത്തിയപ്പോള്‍ ഷട്ടര്‍ തുറന്ന് ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്‌നാടിന് കത്തുനല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാട് കാത്തിരിക്കുമ്പോള്‍ മഴ ശക്തിപ്രാപിക്കുന്നത് പെരിയാറിന്റെ തീരത്തുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ ഭയപ്പാടിലാഴ്ത്തുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: