വെള്ളപ്പൊക്കം: നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് എമര്‍ജന്‍സി ഫണ്ടുപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് എമര്‍ജന്‍സി ഫണ്ടുപയോഗിക്കാമെന്ന് പ്രധാനമന്ത്രി. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫണ്ടുപയോഗിക്കാമെന്ന് എന്‍ഡ കെനി മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയോളം നീണ്ടു നിന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബാന്‍ഡനില്‍ വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് വെളളപ്പൊക്കമുണ്ടായ സ്ഥലങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ടുപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് ആഞ്ഞടിച്ച ഡെസ്മണ്ട് കൊടുങ്കാറ്റിലും മൂന്നുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പരക്കെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതബന്ധം തടസപ്പെടുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ട്രേലി, കെന്നമേര്‍, സ്‌കിബെറീന്‍, ബാന്‍ഡന്‍ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് രൂക്ഷമായത്. ലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കോര്‍ക്കിലെ ബാന്‍ഡന്‍ ടൗണില്‍ പെയ്ത ശക്തമായ മഴയില്‍ വെളളം മൂന്നുമീറ്ററിലേറെ ഉയര്‍ന്നു.

2009 ലെ വെള്ളപ്പൊക്കത്തിന് ശേഷവും മഴ ശക്തമാകുമ്പോള്‍ വെള്ളം പൊങ്ങുന്നത് തടയാനുള്ള സംവിധാനം പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മെച്ചപ്പെടുത്താതിനെ തുടര്‍ന്നാണ് 3 മീറ്ററിലേറെ വെള്ളം പൊങ്ങുന്നതെന്നും ജനജീവിതം സ്തംഭിക്കുന്നതെന്നും കോര്‍ക്കിലെ ലോക്കല്‍ ബിസിനസ് ഗ്രൂപ്പുകള്‍ വിമര്‍ശനമുന്നയിച്ചു. മുന്‍പ് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തങ്ങള്‍ക്ക് flood ഇന്‍ഷുറന്‍സ് ലഭിച്ചില്ലെന്ന് ലോക്കല്‍ ബിസിനസ് നടത്തുന്നവര്‍ പറഞ്ഞു.

അതേസയമം വെള്ളപ്പൊക്കത്തില്‍ വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പബ്ലിക് വര്‍ക്കിന്റെ ചുമതല വഹിക്കുന്ന മന്ത്രി സൈമണ്‍ ഹാരിസിനോട് ആവശ്യപ്പെട്ടതായി കോര്‍ക്ക് സൗത്ത്‌വെസ്‌ററ് ഫിനഗേല്‍ ടിഡി ജിം ഡാലി പറഞ്ഞു. ബിസിനസ് നടത്തുന്നവരുമായി കൂടിയാലോചിച്ച് ഈ വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുപ്പതിലേറെ ബിസിനസ് സ്ഥാപനങ്ങള്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ഇവര്‍ക്ക് ക്രിസ്മസിനുമുന്‍പ് നഷ്ടപരിഹാരം നല്‍കണമെന്നും ജിം ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: