പബ്ലിക് ഹെല്‍ത്ത് (ആല്‍ക്കഹോള്‍) ബില്‍ പാസായി, അനാരോഗ്യകരമായ മദ്യപാനശീലങ്ങള്‍ക്കെതിരെ പെരുതുമെന്ന് വരേദ്കര്‍

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷത്തോടെ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ അവതരിപ്പിച്ച പബ്ലിക് ഹെല്‍ത്ത്(ആല്‍ക്കഹോള്‍) ബില്‍ പാസായി. പുതിയ നിയമമനുസരിച്ച് സ്‌കൂളുകളുടെ സമീപവും, പൊതുഗതാഗത സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പരസ്യം കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാകരുതെന്നും മദ്യത്തെ ഒരു ഉത്പന്നത്തിലുപരി മഹത്വവല്‍ക്കരുതെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

മദ്യപാനത്തെക്കുറിച്ചുള്ള വിപത്തുകളും ഗര്‍ഭകാലത്ത് മദ്യം കഴിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. പുതിയ ബില്ലില്‍ മദ്യത്തിന് മിനിമം പ്രൈസിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം അടുത്ത വര്‍ഷം പകുതിയോടെ പ്രാബലത്തില്‍ വരും. പുതിയ ബില്ലിന് മദ്യവ്യവസായ രംഗത്ത് നിന്നുള്ള എതിര്‍പ്പുകളും മിനിമം പ്രൈസ് ഏര്‍പ്പെടുത്തുന്നതിന് ഐറിഷ്, യൂറോപ്യന്‍ കോടതികളില്‍ നിയമതടസങ്ങളും നേരിടേണ്ടിവരും.

അതേസമയം പുതിയ ആല്‍ക്കഹോള്‍ നിയമത്തിനെതിരായ നിയമ വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് വരേദ്കര്‍ പറഞ്ഞു. അയര്‍ലന്‍ഡില്‍ വര്‍ധിച്ചുവരുന്ന മദ്യപാനത്തിലെ അനാരോഗ്യ പ്രവണതകളെ കുറയ്ക്കുമെന്നും ചെറുപ്പക്കാരിലെ അമിത മദ്യപാനം നിരുത്സാഹപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മറുഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അതിനെയെല്ലാം നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി കോടതി കയറേണ്ടിവന്നാലും ആരോഗ്യമന്ത്രാലയം അതിനു തയാറാണെന്നും അദ്ദേഹം അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: