കാണ്ഡഹാര്‍ ഭീകരാക്രമണം:മരണം 46, ബന്ദികളായി നിരവധിപേര്‍

 

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവള കോംപ്ലക്‌സില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരണം 46 ആയി. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ട്. ഇവരുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സൈനികരും സാധാരണക്കാരുമടക്കം 37 പേരും ഒമ്പതു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വെടിവയ്പില്‍ 35 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രാദേശിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനിലേക്കു പോയ സമയത്താണ് താലിബാന്റെ ആക്രമണം.

ചൊവ്വാഴ്ച രാത്രിയാണ് ആയുധധാരികളായ ഭീകരര്‍ വിമാനത്താവളത്തിനു തൊട്ടടുത്തുള്ള അഫ്ഗാന്‍-നാറ്റോ സൈനിക താവളത്തിലും റെസിഡന്‍ഷ്യല്‍ ബ്ലോക്കിലും കടന്നുകയറിയത്. കോംപ്ലക്‌സിന്റെ ആദ്യ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ക്കടന്ന ഭീകരര്‍ ആളുകള്‍ക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടെ 80 സൈനികരെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ടുകൊണ്ടുള്ള താലിബാന്‍ പത്രക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്. കൂടാതെ ദക്ഷിണ ഹെല്‍മണ്ട് പ്രവിശ്യയിലെ ഖനാഷിന്‍ ജില്ലയുടെ നിയന്ത്രണം പിടിച്ചതായും താലിബാന്‍ അവകാശപ്പെടുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: