ധോണിക്കും സുരേഷ് റെയ്നയ്ക്കും വില 12.5 കോടി..

ന്യൂഡല്‍ഹി: ഐ.പി.എല്‍ താര ലേലത്തില്‍ 12.5 കോടിക്ക് ധോണിയെ പൂനെ ടീം സ്വന്തമാക്കി. ആദ്യ വിളിക്കുള്ള അവസരം ലഭിച്ച പൂനെ ആദ്യം തന്നെ ധോണിയെ സ്വന്തമാക്കുകയായിരുന്നു. രണ്ടാം വിളിക്ക് അവസരം ലഭിച്ച രാജ്‌കോട്ട് ഈ വിലയ്ക്ക് തന്നെ സുരേഷ് റെയ്‌നയെയും സ്വന്തമാക്കി.

രണ്ടാം താരമായി പൂനെ അജിങ്ക്യ രഹാനയെ സ്വന്തമാക്കി. 9.5 കോടി രൂപയ്ക്കാണ് രഹാനെ പൂനെ ടീമില്‍ എത്തിയിരിക്കുന്നത്. ഇതേ വിലയ്ക്ക് രവീന്ദ്ര ജഡേജയെ രാജ്‌കോട്ടും സ്വന്തമാക്കി. ധോണിക്കും രഹാനയ്ക്കുമൊപ്പം രവിചന്ദ്രന്‍ അശ്വിന്‍(7.5 കോടി), സ്റ്റീവ് സ്മിത്ത്(5.5 കോടി), ഫാഫ് ഡുപ്ലെസിസ്(4 കോടി) എന്നിവരെയും പൂനെ സ്വന്തമാക്കി. റെയ്‌നയെയും ജഡേജയെയും കൂടാതെ ബ്രണ്ടന്‍ മക്കല്ലം(7.5 കോടി), ജെയിംസ് ഫോള്‍ക്‌നര്‍(5.5 കോടി), ഡ്വയിന്‍ ബ്രാവോ(4 കോടി) എന്നിവരെ രാജ്‌കോട്ടും സ്വന്തമാക്കി. 50 താരങ്ങളില്‍ നിന്നാണ് ഇരു ടീമുകളും അഞ്ച് താരങ്ങളെ വീതം സ്വന്തമാക്കിയത്.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബാക്കി വന്ന താരങ്ങളെ ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ ഉള്‍പ്പെടുത്തും. മറ്റു ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ഈ മാസം 15 മുതല്‍ 31 വരെ ടീമുകള്‍ക്കു സമയം അനുവദിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും വിവാദങ്ങളെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തതോടെയാണ് ഇതിന് പകരമായി പൂനെ, രാജ്‌കോട്ട് ടീമുകള്‍ എത്തുന്നത്. 2016, 2017 സീസണുകളില്‍ മാത്രം ഐ.പി.എല്ലില്‍ പങ്കെടുക്കാനാണ് പകരക്കാരായ ടീമുകള്‍ക്ക് നിര്‍ദേശം.

Share this news

Leave a Reply

%d bloggers like this: