ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പൊരുതാന്‍ തയ്യാറാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ അനുവദിച്ചാല്‍ ഒരു പതാകയ്ക്ക് കീഴില്‍ അണിനിരന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരെ ആയുധമെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ. വിജയ് ദിവസിനോട് അനുബന്ധിച്ച് ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് യു.എന്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. പാരീസില്‍ നടന്ന പ്രഥമ കാലാവസ്ഥാ ഉച്ചകോടിയിലും ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരെ ലോകരാജ്യങ്ങള്‍ക്കൊപ്പം ആയുധമെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഐ.എസ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് പരീക്കര്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ 20 ഇന്ത്യക്കാര്‍ സിറിയയിലും ഇറാഖിലുമായി ഐ.എസിനൊപ്പം പോരാടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ട്.

മുംബൈ കല്യാണ്‍ സ്വദേശി അടക്കം വിദേശ ബന്ധങ്ങളുള്ള യുവാക്കളാണ് ഇതില്‍ കൂടുതലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറുമാസം ഐ.എസില്‍ പ്രവര്‍ത്തിച്ചശേഷം കല്യാണ്‍ സ്വദേശിയായ യുവാവ് കഴിഞ്ഞവര്‍ഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇയാളെ പിന്നീട് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: