അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ 19 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ തടഞ്ഞു

ഹൈദരാബാദ്: ഉപരിപഠന സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ 19 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ തടഞ്ഞു. ഞായറാഴ്ച്ച രാത്രി ഉപരിപഠനത്തിനായി സാന്‍ ഫ്രാന്‍സിസ്‌കോയിലേയ്ക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ പഠിക്കാനുദ്ദേശിക്കുന്ന രണ്ട് യൂണിവേഴ്‌സിറ്റികള്‍ അവിടെ പരിശോധനകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ് എന്ന അറിയിപ്പിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഇവരുടെ യാത്ര തടയുകയായിരുന്നു.

സാന്‍ ജോസിലെ സിലിക്കണ്‍ വാലി, കാലിഫോര്‍ണിയ ഫ്രീമോണ്ടിലെ കാലിഫോര്‍ണിയ ആന്റ് നോര്‍ത്ത് വെസ്‌റ്റേണ്‍ പോളി ടെക്‌നിക് കോളേജ് എന്നീ യൂണിവേഴ്‌സിറ്റികളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ യാത്ര തിരിച്ചത്. എന്നാല്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ നിന്നും ശനിയാഴ്ച്ച അറിയിപ്പ് ലഭിച്ചിരുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയാല്‍ ഉടന്‍ തന്നെ തിരികെ പോരേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനു മുമ്പും ഇതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ കാലുകുത്തിയ ഉടന്‍ തിരികെ പോരേണ്ടി വന്നിട്ടുണ്ട്. അത്തരം അപമാനം ഉണ്ടാവാതിരിക്കാനാണ് യാത്ര തടഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് എത്തിയ 14 വിദ്യാര്‍ഥികളെ മൂന്നു ദിവസം ജയിലിലടച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും ചണ്ഡിഗഢില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെയാണ് മൂന്ന് ദിവസം തടവിലിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് 15 മണിക്കൂറോളം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ.) ചോദ്യം ചെയ്ത ശേഷം വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരികെ അയച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ വിദ്യാര്‍ത്ഥികളെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള വണ്‍ വേ ടിക്കറ്റാണ് കുട്ടികളുടെ കയ്യിലുള്ളത്. തിരികെ വരേണ്ടി വന്നാല്‍ ടിക്കറ്റ് ചാര്‍ജ്ജ്, ടിക്കറ്റിന്റെ ലഭ്യത എന്നിവയെല്ലാം അവര്‍ക്ക് പ്രശ്‌നമാകും. ഹൈദരാബാദിലെ എയര്‍ ഇന്ത്യ അധികാരികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

എയര്‍ ഇന്ത്യ യുഎസ് ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതു വരെ ഈ യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം, ബ്ലാക്‌ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്ന് യൂണിവേഴ്‌സിറ്റി പറയുന്നു.

Share this news

Leave a Reply

%d bloggers like this: