ബാലനീതി ബില്‍ രാജ്യസഭയില്‍ പാസായി

ന്യൂഡല്‍ഹി: ബാലനീതി ബില്‍ രാജ്യസഭയില്‍ ശബ്ദവോട്ടോടെ പാസായി. ലോക്‌സഭ നേരത്തെ പാസാക്കിയ ബില്‍ ഭേദഗതികളോടെയാണ് രാജ്യസഭ പാസാക്കിയത്. ഇതോടെ ഗുരുതരമായ കുറ്റംചെയ്ത 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടിക്കുറ്റവാളികളെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കി വിചാരണ ചെയ്യും. ഗുരുതര കുറ്റം ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷയും ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു.

16 വയസുകഴിഞ്ഞാല്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായവരുടെ വിചാരണയാണ് നേരിടേണ്ടിവരിക. എന്നാല്‍ ശിക്ഷാരീതി തീരുമാനിക്കേണ്ടത് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ്. 18 വയസ് തികയുംമുമ്പ് ചെയ്ത കുറ്റം പ്രായപൂര്‍ത്തിയായ ശേഷം തെളിഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ നേരിടുന്ന വിചാരണയാണ് ലഭിക്കുക. നിലവില്‍ കുറ്റംചെയ്യുന്ന പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ ചെയ്തിരുന്നത്. എല്ലാ ജില്ലകളിലും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് സിപിഎം സഭയില്‍ നിന്നിറങ്ങിപ്പോയി. പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ജയിലില്‍ അടയ്ക്കാന്‍ മാത്രമല്ല ബാലനീതി ഭേദഗതിയെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ഇവരുടെ പുനരധിവാസവും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.

Share this news

Leave a Reply

%d bloggers like this: