ജയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണം; കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്തു

 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരായി അഴിമതി ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണു സസ്‌പെന്‍ഷനെന്നു ബിജെപി വ്യക്തമാക്കി. ഒറ്റവരി പ്രസ്താവനയിലൂടെയാണു സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി വിശദീകരിച്ചത്. പാര്‍ട്ടി നടപടി ദൗര്‍ഭാഗ്യകരമെന്നും നഷ്ടം പാര്‍ട്ടിക്കാണെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. ആര്‍ക്കെതിരേയും അഴിമതിയാരോപണം ഉന്നയിച്ചിട്ടില്ല. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുകമാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ജയ്റ്റ്‌ലി അധ്യക്ഷനായിരുന്ന കാലത്തെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളാണ് കീര്‍ത്തി ആസാദ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും പാര്‍ലമെന്റിലും കീര്‍ത്തി ആസാദ് ജയ്റ്റ്‌ലിക്കെതിരായി ആരോപണമുന്നയിച്ചിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിലക്ക് മറികടന്നാണു വാര്‍ത്താസമ്മേളനത്തില്‍ ജയ്റ്റ്‌ലിക്കെതിരായി ആസാദ് വെളിപ്പെടുത്തല്‍ നടത്തിയത്. ചെയ്യാത്ത ജോലികള്‍ക്കായി വ്യാജ കമ്പനികളുടെ പേരില്‍ വ്യാജ ബില്ലുകളുണ്ടാക്കി കോടികള്‍ തട്ടിയെന്നായിരുന്നു ആസാദിന്റെ ആരോപണം. വ്യാജ കമ്പനികളുടെ പേരിലുള്ള ബില്ലുകളുടെ പകര്‍പ്പ് ഹാജരാക്കിയ ആസാദ് ബില്ലുകളില്‍ പറയുന്ന വിലാസത്തില്‍ അന്വേഷണം നടത്തി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 2013 വരെയുള്ള 13 വര്‍ഷക്കാലം അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയഷന്‍ പ്രസിഡന്റ്. അസോസിയേഷന്റെ 2011-2012 ജനറല്‍ ബോഡി യോഗത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ജയ്റ്റ്‌ലിയുമായി നടന്ന തര്‍ക്കത്തിന്റെ ഒളികാമറ ദൃശ്യവും വീഡിയോയിലുണ്ട്.

നിലവിലില്ലാത്ത 14 കമ്പനികളുടെ പേരില്‍ നിരവധി കോടികള്‍ തട്ടിയെടുത്തുവെന്നാണ് കീര്‍ത്തി ആസാദിന്റെ ആരോപണം. എന്തു ജോലി ചെയ്തതിനാണു പണം നല്‍കുന്നതെന്ന് ബില്ലുകളില്‍ പലതിലും വ്യക്തമല്ല. നാലു ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ നാലര കോടിയാണ് നല്‍കിയെന്ന് ഒരു ബില്ലില്‍ കാണിക്കുമ്പോള്‍ ഒരു കംപ്യൂട്ടറിന് 16,000 രൂപ, ഒരു പ്രിന്ററിന് 3000 രൂപ എന്നിങ്ങനെ ദിവസ വാടകയ്ക്ക് എടുത്തുവെന്നു കാണിച്ച് കോടികളാണ് മുക്കിയത്. പണം ആരുടെയൊക്കെ അക്കൗണ്ടിലേക്കു പോയതെന്ന് അറിയാമെന്നും അക്കാര്യം പിന്നാലെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ആസാദ് പറഞ്ഞിരുന്നു.

വെളിപ്പെടുത്തലുകള്‍ മാനക്കേടായെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ആസാദ് ജയ്റ്റ്‌ലിയെ വെല്ലുവിളിക്കുകയും ചെയ്തു. പാര്‍ലമെന്റിലും ആസാദ് വിഷയം ഉന്നയിച്ചു.

Share this news

Leave a Reply

%d bloggers like this: