ഇന്ത്യയില്‍ കൗമാരക്കാരില്‍ പകുതിയലധികം പേരും പോഷകക്കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ കൗമാരക്കാരില്‍ പകുതിയലധികം പേരും പോഷകക്കുറവ് നേരിടുന്നതായി റിപ്പോര്‍ട്ട്. കൗമാരപ്രായത്തിലുള്ള രണ്ടില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടികളില്‍ മൂന്നില്‍ ഒരാളും വിളര്‍ച്ച നേരിടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയവും യുനിസെഫും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളില്‍ 56 ശതമാനത്തിനും ആണ്‍കുട്ടികളില്‍ 30 ശതമാനത്തിനുമാണ് പോഷകക്കുറവുള്ളത്.

ഗ്രാമീണ മേഖലയില്‍ കൗമാരപ്രായത്തിലുള്ള വിവാഹവും ഗര്‍ഭധാരണവും സാധാരണമാണ്. പോഷകക്കുറവുള്ള സമയത്തുള്ള ഗര്‍ഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് വരെ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പോഷകക്കുറവുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ പലപ്പോഴും ഇരുമ്പിന്റെ അംശം കുറവായിരിക്കും. ഇത് അവരുടെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും ബാധിക്കും.
യൂണിസെഫ് നടത്തിയ പഠനത്തില്‍ പോഷകക്കുറവുള്ള കൗമാരക്കാരില്‍ കൂടുതലും അസാം, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്രൂവ്ഡ് ന്യൂട്രിഷന്‍ (ഗെയിന്‍) നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 50 ശതമാനത്തോളം ഗര്‍ഭിണികള്‍ക്കും പോഷകക്കുറവ് ഉള്ളതിനാല്‍ പ്രസവ സമയത്ത് അമ്മയുടെ മരണത്തിനോ കുറഞ്ഞ ഭാരമുള്ള കുട്ടികള്‍ ജനിക്കുന്നതിനോ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2012 ല്‍ ആരംഭിച്ച അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റേഷന്‍ വിതരണ പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: