സൗദിയില്‍ അറബിയുടെ മര്‍ദനത്തിനിരയായി നാട്ടിലെത്തിയ യുവാക്കള്‍ക്ക് വധഭീഷണി

 

ആലപ്പുഴ: സൗദി അറേബ്യയില്‍ തൊഴില്‍ ഉടമയുടെ പീഡനത്തിനിരയായി ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയ യുവാക്കള്‍ക്ക് വധഭീഷണി. ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശികളായ ബൈജു ബാബു,വിമല്‍കുമാര്‍ വാസുദേവന്‍,അഭിലാഷ് ഗോപി എന്നിവര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. നാട്ടിലെത്തിയാല്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് നിങ്ങളെ ശരിപ്പെടുത്തും എന്നായിരുന്നു ആദ്യം ലഭിച്ച വധഭീഷണി.

തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം വഴിയായിരിക്കും ആക്രമണം നടത്തുകയെന്നും ഭീഷണി ലഭിച്ചെന്നാണ് ഈ യുവാക്കള്‍ വ്യക്തമാക്കിയത്. തൊഴില്‍ ഉടമയും ട്രാവല്‍ ഏജന്‍സിയുമാണ് വധഭീഷണിക്ക് പിന്നിലെന്നും തൊഴില്‍ ഉടമ തങ്ങളെ മര്‍ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണ് വധഭീഷണിക്ക് കാരണമായതെന്നും ഇവര്‍ പറഞ്ഞു. ഹരിപ്പാട് സ്വദേശികളായ യുവാക്കള്‍ സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഇന്നലെയാണ് നാട്ടിലെത്തിയത്.സൗദിയില്‍ അറബി ഇവരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ട് ഇവരുടെ മോചനം സാധ്യമാക്കിയതും.

പമ്പ് ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച ഇവരെ തുച്ഛമായ ശമ്പളത്തില്‍ മറ്റ് ജോലികള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ യുവാക്കള്‍ വീട്ടില്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Share this news

Leave a Reply

%d bloggers like this: