യു.എസില്‍ നിന്ന് അടുത്തകാലത്ത് പുറത്താക്കപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികള്‍ കൂടാതെ വിനോദസഞ്ചാരികളും ബിസിനസുകാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ന്യുഡല്‍ഹി: യു.എസില്‍ നിന്ന് അടുത്തകാലത്ത് പുറത്താക്കപ്പെട്ടവരില്‍  വിദ്യാര്‍ത്ഥികള്‍ കൂടാതെ വിനോദസഞ്ചാരികളും ബിസിനസുകാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. കാലിഫോര്‍ണിയയിലെ രണ്ട് യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദ്യാര്‍ത്ഥികളെ യു.എസ് പുറത്താക്കി എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ബിസിനസ്, ടൂറിസ്റ്റ്, വര്‍ക്ക് വീസകളില്‍ എത്തിയ ചില ഇന്ത്യക്കാരെയും അമേരിക്ക പുറത്താക്കിയിട്ടുണ്ട്. യു.എസിന്റെ തന്നെ എംബസി/കോണ്‍സുലേറ്റുകള്‍ നല്‍കിയ വീസകള്‍ മാനിക്കണമെന്നു യു.എസിനോട് ആവശ്യപ്പെടും.

യാത്ര ചെയ്യുന്നവര്‍ മതിയായ അനുമതികളോടെയാണെന്ന് ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കും യു.എസ് നല്‍കിയ ബി1, ബി2 വീസകളിലും വര്‍ക്ക് പെര്‍മിറ്റിനുള്ള എച്ച്1 വീസയില്‍ എത്തിയവരും പുറത്താക്കപ്പെട്ടവരില്‍ പെടും. യു.എസ് നല്‍കിയ യഥാര്‍ത്ഥ വീസകളുമായാണ് അവര്‍ സഞ്ചരിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. അതേസമയം, ഇതുവരെ എത്ര വിദ്യാര്‍ത്ഥികളെ യു.എസ് പുറത്താക്കിയെന്ന് വ്യക്തമല്ല. ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം യു.എസ് അനുമതി നല്‍കിയത്.

ഇവരില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമേ പുറത്തുപോകേണ്ടിവന്നത്. യാത്ര രേഖകള്‍ക്കു പുറമേ പഠിക്കുന്ന കോഴ്‌സ്, താമസം, സാമ്പത്തിക പിന്തുണ, ആരോഗ്യ പരിരക്ഷ സംവിധാനം തുടങ്ങിയവ സംബന്ധിച്ച രേഖകളും വിദ്യാര്‍ത്ഥികള്‍ കരുതണം. ഇമിഗ്രേഷന്‍ ഓഫീസര്‍മാരുമായി അഭിമുഖത്തിനും തയ്യാറായിരിക്കണമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: