മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കുമ്പള: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യാഥാര്‍ത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തില്‍ പൊതിഞ്ഞ ആദര്‍ശമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ചര്‍ച്ചയാകാമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗതും ആര്‍.എസ്.എസുമായി ചര്‍ച്ചയാകാമെന്ന് പിണറായി വിജയനും പറഞ്ഞത് പരാമര്‍ശിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന.

ആര്‍.എസ്.എസിന്റെയും പിണറായിയുടെയും നയത്തില്‍ വന്നിട്ടുള്ള മാറ്റം സമാധാനത്തിനാണെന്നില്‍ കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നു. മറിച്ച് അതിന്റെ മറവില്‍ വോട്ട് തട്ടാനാണ് പദ്ധതിയെങ്കില്‍ ജനങ്ങള്‍ രണ്ട് കാലുകൊണ്ടും ചവിട്ടി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍ കോട്ടിലെ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ശബ്ദം ദുര്‍ബലമാണ്. ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കാന്‍ മോദിക്ക് കഴിയുന്നില്ല. മോദിയില്‍ വിശ്വാസമര്‍പ്പിച്ച് അധികാരത്തിലേറ്റിയവര്‍ ഇന്ന് നിരാശരാണ്. എങ്ങും അസഹിഷ്ണത മാത്രമാണ്. ബി.ജെ.പിക്കെതിരെ പ്രതികരിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും കള്ളക്കേസില്‍ കുടുക്കി പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ദ്ധിച്ചപ്പോള്‍ യു.പി.എ സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം കോടി രൂപ വരെ സബ്‌സിഡി നല്‍കി. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോഴാണ് വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേര്‍ പകുതിയായി കുറഞ്ഞിട്ടും ലിറ്ററിന് അഞ്ചു രൂപയില്‍ താഴെ മാത്രമെ മോദി സര്‍ക്കാര്‍ കുറച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ ക്യാപ്റ്റന്‍ വി.എം സുധീരന് മുഖ്യമന്ത്രി പതാക കൈമാറി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ. സി വേണുഗോപാല്‍ എം.പി, വി.ഡി സതീശന്‍ എം.എല്‍.എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: