ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രാജ്യത്ത് പ്രതിഷേധം ആളിപ്പടരുന്നു

ന്യൂഡല്‍ഹി: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമൂല ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ദാരു ദത്താത്രേയയെയും പുറത്താക്കണമെന്നു പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂന, ചെന്നൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിയുടെ മരണത്തിനു ഉത്തരവാദികള്‍ ഡല്‍ഹിയിലെ മന്ത്രിയും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. കൂടുതല്‍ പഠിക്കാനും വളരാനും എത്തിയ വിദ്യാര്‍ഥിയെ തീരാവേദന നല്‍കി മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. അദ്ദേഹം ജീവനൊടുക്കിയതാണെങ്കിലും അതിലേക്കു നയിച്ചത് വൈസ് ചാന്‍സലറും ഒരു കേന്ദ്രമന്ത്രിയും ചേര്‍ന്നാണെന്നും രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണു സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാത്തതെന്നു ഹൈദരാബാദ് എംപി അസാദുദീന്‍ ഒവൈസി ചോദിച്ചു. പഞ്ചായത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കുപോലും ട്വിറ്ററില്‍ അഭിപ്രായം പറയുന്ന ആളാണ് പ്രധാനമന്ത്രി. രോഹിതിന്റെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ 140 അക്ഷരങ്ങള്‍ പോലും ആവശ്യമില്ല. സാമൂഹികമായ വിവേചനമാണു രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാരന്‍ അശോക് വാജ്‌പേയി ഡി ലിറ്റ് ബിരുദം തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. ഹൈദരാബാദ് സര്‍വകലാശാല നല്‍കിയ ഡി ലിറ്റ് ബിരുദം തിരികെ നല്‍കുമെന്ന് അദ്ദേഹം ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ സ്വതന്ത്രമായ വ്യവഹാരം നടത്തുന്നതിനും സംവദിക്കുന്നതിനുമുള്ള സാഹചര്യങ്ങള്‍ സര്‍വകലാശാലകളില്‍ ഒരുക്കണമെന്നും വാജ്‌പേയി ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി രോഹിത് വെമൂല ഉള്‍പ്പെടെ ഗവേഷണ വിദ്യാര്‍ഥികളായ അഞ്ചു പേരെ യൂണിവേഴ്‌സിറ്റിയില്‍നിന്നു പുറത്താക്കിയത്. ഇതിനെതിരേ രോഹിത് ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: