വെള്ളാപ്പള്ളിക്കെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.

വെള്ളാപ്പള്ളി അടക്കം നാല് പേര്‍ക്കെതിരേ അന്വേഷണം വേണമെന്നാണു കോടതി ഉത്തരവ്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, പിന്നോക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി എന്‍.നജീബ്, മൈക്രോഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകാമെന്നും കോടതി നിരീക്ഷിച്ചു.

മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. വ്യാജ പേരുകളിലും മതിയായ രേഖകള്‍ ഇല്ലാതെയുമാണ് വായ്പകള്‍ നല്‍കിയതെന്നാണു കണ്ടെത്തിയത്. പ്രാഥമിക രഹസ്യ പരിശോധനയിലാണു തട്ടിപ്പ് കണ്ടെത്തിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: