ജിഹാദികളുടെ ഭാര്യമാരാകാന്‍ പോയ ബ്രിട്ടനിലെ നാലു വിദ്യാര്‍ത്ഥിനികളില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സൂചന

 

ലണ്ടന്‍: സിറിയയിലേക്ക് ഒളിച്ചോടി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭാര്യമാരായിത്തീര്‍ന്ന ബ്രിട്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സൂചന. ബ്രിട്ടണിലെ ബെത്‌നല്‍ ഗ്രീന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായിരുന്ന മൂന്ന് പെണ്‍കുട്ടികളാണ് ഐ.എസില്‍ ചേരുകയെന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പ് സിറിയയിലേക്ക് കടന്നത്. ഷാമിനാ ബീഗം(16), കാദിശാ സുല്‍ത്താന(17), അമീരാ അബ്ബാസെ(16), എന്നീ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ഫെബ്രുവരി മുതലാണ് കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ സിറിയയില്‍ എത്തിയതായും ഐ.എസില്‍ അംഗങ്ങളായതായും കണ്ടെത്തിയിരുന്നു.

2014 ഡിസംബറില്‍ സിറിയയിലേക്ക് കടന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് മൂവരും ഐ.എസില്‍ എത്തിപ്പെട്ടത്. ഐ.എസിന്റെ നിര്‍ദേശപ്രകാരം കുട്ടികള്‍ ജിഹാദികളുടെ വധുവാകുകയും, ഇതില്‍ രണ്ടുപേര്‍ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ വിധവകളായിത്തീരുകയും ചെയ്തിരുന്നു. സിറിയയില്‍ എത്തിയശേഷവും കുട്ടികള്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഇതില്‍ അവസാനമായി കുട്ടികളില്‍ ഒരാള്‍ കുടുംബവുമായി നടത്തിയ സംഭാഷണത്തില്‍ ബോംബുകള്‍ സമീപത്ത് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിരുന്നതായും സംഭാഷണം പെട്ടെന്ന് അവസാനിച്ചതായും കുടുംബം വ്യക്തമാക്കുന്നു. സിറിയയിലെ പ്രമുഖ കേന്ദ്രമായ റാഖയില്‍ മൊബൈലിന് ഐ.എസ് നിരോധനം ഏര്‍പ്പെടുത്തിയതായും എന്നാല്‍ ഇന്റര്‍നെറ്റിന് വിലക്കില്ലെന്നും കുട്ടി കുടുംബത്തെ അറിയിച്ചു. 2015 ഡിസംബറില്‍ നടത്തിയ സംഭാഷണത്തില്‍ മൂവരും നിലവില്‍ റാഖയിലാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടികളുമായി ബന്ധപ്പെടാന്‍ കുടുംബത്തിനായിട്ടില്ല. മക്കള്‍ തിരികെ വരുമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.

ഐഎസ് ബ്രിട്ടനിലെ കൗമാരക്കാരില്‍ ചെലുത്തുന്ന സ്വാധീനമാണ് പെണ്‍കുട്ടികളുടെ സിറിയയിലേക്കുള്ള യാത്രയില്‍ ദൃശ്യമായത്. പെണ്‍കുട്ടികള്‍ മൂന്നുപേരും വ്യക്തമായ പദ്ധതികള്‍ തയാറാക്കിയാണ് സിറിയയിലേക്ക് കടന്നത്. പോകാനുള്ള സാധനങ്ങളെല്ലാം ഒരുക്കിയ ഇവര്‍ വീട്ടുകാരെ സമര്‍ത്ഥമായി കബളിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പെണ്‍കുട്ടി സിറിയയിലേക്ക് കടന്നപ്പോള്‍ തന്നെ പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഐഎസിന്റെ പ്രലോഭനത്തില്‍ വശംവദരാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ തടയാമായിരുന്നുവെന്നും അവര്‍ പറയുന്നു

-എജെ-

Share this news

Leave a Reply

%d bloggers like this: