സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍; മിനിമം ശമ്പളം 16500 രൂപ

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍ ജീവനക്കാര്‍ക്ക് കൊടുത്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശിച്ച ഭേദഗതികളോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുള്ളത്. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് റിപ്പോര്‍ട്ട് നടപ്പാക്കുക. 7222 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു..

സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എണ്‍പത് ശതമാനത്തോളമാണിത്. പുതിയ ശമ്പള സ്‌കെയിലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 16,500 രൂപയായി ഉയര്‍ന്നു. രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയുള്ള വര്‍ദ്ധനയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ ഉണ്ടാകുക. രണ്ടര വര്‍ഷം കൊണ്ട് ശമ്പള കുടിശ്ശിക ഗഡുക്കളായി കൊടുത്തു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് ആനുപാതികമായി വര്‍ദ്ധന വരുത്തിയിട്ടുണ്ട്. താത്ക്കാലിക ജീവനക്കാരുടെ മിനിമം ശമ്പളം 8400 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 4200 രൂപയായിരുന്നു. 16425 രൂപയാണ് താത്ക്കാലിക ജീവനക്കാരുടെ പരമാവധി ശമ്പളം. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 8,122 കോടി രൂപയുടെ അധിക ബാധ്യതയായിരുന്നു ഉണ്ടായിരുന്നത് എന്നാല്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശിച്ച ഭേദഗതികളോടെ ഇത് 7222 കോടി രൂപയായി കുറഞ്ഞു. ക്ഷാമബത്ത 9 ശതമാനമാക്കി ഉയര്‍ത്തി.

വിരമിച്ചവര്‍ക്ക് അടുത്ത മാസത്തെ പെന്‍ഷനൊപ്പം കുടിശ്ശിക നല്‍കി തുടങ്ങും. പെന്‍ഷന്‍കാര്‍ക്കുള്ള അലവന്‍സുകള്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം തന്നെ നല്‍കും. അലവന്‍സില്‍ 10 ശതമാനം വര്‍ദ്ധന വരുത്തും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സെന്ന കമ്മീഷന്‍ നിര്‍ദ്ദേശവും അംഗീകരിച്ചു
-എജെ-

Share this news

Leave a Reply

%d bloggers like this: