മുന്‍ റഷ്യന്‍ ചാരന്റെ വധം: പുടിനു പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലണ്ടന്‍: റഷ്യന്‍ ചാരസംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുന്‍ ചാരന്റെ വധത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. മുന്‍ ചാരനായിരുന്ന അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയെ വധിക്കാന്‍ എഫ്.എസ്.ബിക്ക് പുടിന്‍ അനുമതി നല്‍കിയെന്നാണ് ബ്രിട്ടീഷ് ജഡ്ജി റോബര്‍ട്ട് ഓവന്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എഫ്.എസ്.ബിക്കും പുടിനുമെതിരെ രൂക്ഷവിമര്‍ശങ്ങള്‍ ഉന്നയിച്ച് 2000 ലാണ് ലിറ്റ്വിനെങ്കോ ബ്രിട്ടനിലേക്ക് മടങ്ങിയത്.. റഷ്യയിലെ കുറ്റകൃത്യങ്ങളിലും മാഫിയ പ്രവര്‍ത്തനങ്ങളിലും പുടിന് വ്യക്തമായ പങ്കുണ്ടെന്ന് ലിറ്റ്വിനെങ്കോ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഭീഷണിയെന്നു കണ്ട വധിക്കാന്‍ പുടിന്‍ ഉത്തരവിടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 43-ാം വയസ്സില്‍ 2006 നവംബറിലാണ് ലിറ്റ്വിനെങ്കോ മരിച്ചത്. മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് ലണ്ടനിലെ ഹോട്ടലില്‍വെച്ച് ചായയില്‍ വിഷം ചേര്‍ത്ത് നല്‍കിയയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തില്‍ ലിറ്റ്വിനെങ്കോയുടെ ശരീരത്തില്‍ പൊളോണിയത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു. കൂടാതെ, പുടിനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മരണക്കിടക്കയില്‍ മൊഴി നല്‍കിയിരുന്നു.

റഷ്യന്‍ സ്വദേശികളായ ആന്‍ഡ്രി ലുഗോവോയ്, ദിമിത്രി കോവ്തൂണ്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാല്‍, ആരോപണം അവര്‍ നിഷേധിച്ചിരുന്നു. ഇരുവരെയും വിചാരണചെയ്യണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും റഷ്യ അനുവദിച്ചിരുന്നില്ല. എന്നാല്‍, ആരോപണം റഷ്യ തള്ളി. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അന്വേഷണം സുതാര്യമല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം നീതിലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ലിത്വിനെങ്കോയുടെ ഭാര്യ മറീന ലിത്വിനെങ്കോ ബി.ബി.സിയോട് പ്രതികരിച്ചു. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: