യൂറോപ്യന്‍ അഭയാര്‍ത്ഥി പദ്ധതിയുടെ ഭാഗമായി പത്തംഗം കുടുംബം അയര്‍ലന്‍ഡിലെത്തി

ഡബ്ലിന്‍: കഴിഞ്ഞ ദിവസം രാത്രി പത്തംഗം സിറിയന്‍ കുടുംബം അഭയാര്‍ത്ഥികളായി അയര്‍ലന്‍ഡിലെത്തി.  യൂറോപില്‍ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമായ ശേഷം ആദ്യമായെത്തുന്ന കുടുംബമാണിത്.  രക്ഷിതാക്കളും അവരുടെ കുട്ടികളുമാണ് ഡബ്ലിന്‍ എയര്‍പോര്‍ടില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയത്. അഞ്ച് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമടങ്ങുന്ന കുടുംബമാണിവര്‍. ഏഥന്‍സില്‍ നിന്നാണിവര്‍ അയര്‍ലന്‍ഡിലേക്ക് പറന്നിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം,  മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് ഇവര്‍ക്ക് സഹായം നല്‍കും. 11 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകമായി ശ്രദ്ധ നല്‍കും.

യുദ്ധം മൂലം സിറിയയില്‍ നിന്ന് പലായനം ചെയ്തവരാണ് കുടുംബം. തുര്‍ക്കിയിലെ അഭയാര്‍ത്ഥി ക്യാംപിലായിരുന്നു രണ്ട് വര്‍ഷം. സിറിയ , ഇറാഖ് മേഖലയില്‍ നിന്ന് നാട് വിട്ട 160000 പേരെ പുനര്‍ വിന്യസിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയുടെ ഭാഗമായാണ് സിറിയന്‍ കുടുംബം അയര്‍ലന്‍ഡിലെത്തുന്നത്.  2600 പേരെയാണ് അയര്‍ലന്‍ഡ് സ്വീകരിക്കുന്നത്.  യുഎന്നിന്‍റെ  അഭയാര്‍ത്ഥി പദ്ധതി വഴി ലബനോനിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നത് കൂടാതെയാണ് യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത്.

ഗ്രീസിലും ഇറ്റലിയിലുമായി ഇതിനോടകം എത്തിയിരിക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ഇയുവിന്‍റെ പദ്ധതിക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.  ലിന്‍സ്റ്ററിലെ എമര്‍ജന്‍സി സെന്‍ററിലായിരിക്കും സിറിയന്‍ കുടുംബം കഴിയുക.  ഇവരുടെ രജിസ്ട്രേഷന്‍ നടപടി അടുത്ത ആഴ്ച്ച ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: