സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങാന്‍ തയ്യാറെടുത്ത് വനിതാ സംഘടന

 

അഹമ്മദ്‌നഗര്‍: വനിതകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാന്‍ തയ്യാറെടുത്ത് വനിതാ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലേക്കാണ് നാളെ ബലമായി പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്. വേണ്ടി വന്നാല്‍ ആകാശമാര്‍ഗം ഹെലികോപ്റ്ററില്‍ എത്തി ക്ഷേത്രാങ്കണത്തില്‍ ഇറങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്. ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.ബി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്ക്് പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്.

നേരിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കും. ഇതിന് അനുമതി നിഷേധിച്ചാല്‍ ഹെലികോപ്റ്ററില്‍ നിന്ന് ക്ഷേത്രാങ്കണത്തില്‍ ഇറങ്ങുമെന്ന് ബി.ആര്‍.ബി പ്രസിഡന്റ് തൃപ്തി ദേശായി പറഞ്ഞു. ഇതിനായി ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ക്ഷേത്ര സുരക്ഷ കാര്യമാക്കുന്നില്ലെന്നും തൃപ്തി പറഞ്ഞു. രാവിലെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിച്ചു പ്രാര്‍ത്ഥന നടത്താന്‍ തയ്യാറെടുത്ത് 1500 സ്ത്രീകള്‍ ക്ഷേത്ര പരിസരത്ത് എത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ പരിഗണിക്കുന്ന ഭരണഘടന നിലവിലുള്ള രാജ്യത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറഞ്ഞു. നാളത്തെ സമരത്തിന് ശേഷം സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളിലും സമരം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. സംഘടയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരത്ത് സുരക്ഷ ശക്തമാക്കി.

Share this news

Leave a Reply

%d bloggers like this: