വെടിവെപ്പും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാനാ കില്ലെന്ന് രാഷ്ട്രപതി, കനത്ത സുരക്ഷാവലയത്തില്‍ നാളെ റിപ്പബ്ലിക് ദിനാഘോഷം

 

ന്യൂഡല്‍ഹി: വെടിവെപ്പും ചര്‍ച്ചയും ഒന്നിച്ചുകൊണ്ടുപോകാനാകില്ലെന്ന് റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. പഠാന്‍കോട്ടിലെ ഭീകരാക്രമണത്തിനും തുടര്‍ന്നുണ്ടായ ഭീകരാക്രമണ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ അഭിപ്രായപ്രകടനം. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ച മാത്രമാണ് പരിഹാരമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

അസഹിഷ്ണുതയ്ക്കും ഹിംസയ്ക്കും യുക്തിരാഹിത്യത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ വികസനരംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അസൂയയോടെയാണ് ഉറ്റുനോക്കുന്നത്. സാമ്പത്തികവും ലിംഗപരവുമായ സമത്വവുമാണ് നമ്മുടെ ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നത്. ഇതിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. നല്ല തീവ്രവാദം, ചീത്ത തീവ്രവാദം എന്നൊന്നുമില്ല. എല്ലാതരം തീവ്രവാദങ്ങളും മോശമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ സമസ്ത മേഖലകളിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണംരാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ 67-ാം റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകള്‍ കനത്ത സുരക്ഷാ വലയത്തില്‍ നാളെ ദില്ലിയിലെ രാജ്പഥില്‍ നടക്കും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിയോ ഒലാന്ദാണ് മുഖ്യാതിഥി. ലഷ്‌കര്‍, ഐ.സ് ഭീകരര്‍ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍.എസ്.ജി കമാണ്ടോകളെ നഗരത്തില്‍ വിന്യസിച്ചു.

റിപ്പബ്‌ളിക് ദിന പരേഡ് പൂര്‍ത്തിയാകുന്നതുവരെ രാജ്പഥിലും ഇന്ത്യാഗേറ്റ് പരിസരത്തും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷ ഒരുക്കാന്‍ പതിനായിരത്തിലധികം സൈനികരെ ദില്ലിയിലെങ്കും വിന്യസിച്ചു. മെട്രോ സ്‌റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എന്‍.എസ്.ജി കമാണ്ടോകളെയാണ് നിയോഗിച്ചിരിക്കുന്നത്. നഗരത്തിലെങ്ങും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിനൊപ്പം വേഷപ്രഛന്നരായി നിരവധി ഉദ്യോഗസ്ഥരും നഗരത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: