ലോകം സിക്ക വൈറസ് ഭീതിയില്‍, സാധാരണ കൊതുകുകളും രോഗം പരത്താം, പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ 10 വര്‍ഷം വേണ്ടിവരും

വാഷിങ്ടണ്‍: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി സിക്ക വൈറസ് പടരുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈറസ് വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കരീബിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ട്. യൂറോപ്പിലും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ച തിരിച്ചെത്തിയ ഡെന്മാര്‍ക്കിലെ യുവാവിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നെതര്‍ലാന്‍ഡില്‍ 10 പേര്‍ക്കും ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയില്‍ 19 പേര്‍ക്ക് രോഗ ബാധ സ്ഥീരീകരിച്ചിട്ടുണ്ട്.

വൈറസ് അപകടകരമായ രീതിയില്‍ ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ജനീവയില്‍ ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാനിന്റെ അദ്ധ്യക്ഷതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വൈറസ് ബാധ വ്യാപകമായ പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഈ വര്‍ഷം എല്‍ നിനോ പ്രതിഭാസം കൊതുകുകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ചാന്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് ലാറ്റിനമേരിക്കയില്‍ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ പൊട്ടിത്തെറി പോലെ ഇത് പടര്‍ന്നു പിടിക്കുകയാണെന്നാണ് മാര്‍ഗരറ്റ് ചാന്‍ പറയുന്നത്. 23 രാജ്യങ്ങളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്കയുളവാക്കുകയാണെന്നും അവര്‍ പറഞ്ഞു. 30-40 ലക്ഷം പേര്‍ക്ക് ഈ വര്‍ഷം വൈറസ് ബാധയുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നത്. കൊതുക് പരത്തുന്ന മാരക രോഗങ്ങളുടെ പട്ടികയിലാണ് സിക്കയേയും കണക്കാക്കിയിരിക്കുന്നത്. തലച്ചോര്‍ ചുരുങ്ങുക എന്ന് അവസ്ഥയാണ് സിക്ക വൈറസ് ബാധമൂലം സംഭവിക്കുന്നത്. വൈറസ് ബാധയേറ്റ അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറോട് കൂടിയാണ് ജനിക്കുക. മാത്രമല്ല കുഞ്ഞുങ്ങളില്‍ ഗുരുതര മാനസികശാരീരിക പ്രശ്‌നങ്ങള്‍ക്കും സിക വൈറസ് കാരണമാകും. സിക്ക വൈറസ് ബാധയും നവജാത ശിശുക്കളിലെ തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയും തമ്മിലുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് പ്രധാനകാര്യം. എന്നാല്‍ അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ചാന്‍ പറയുന്നു.

ബ്രസീലില്‍ ഗര്‍ഭിണികളില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇതുവരെ 4000 ത്തോളെ കുഞ്ഞുങ്ങളാണ് തലയോട്ടി ചുരുങ്ങുന്ന അവസ്ഥയില്‍ ജനിച്ചത്. ബ്രസീലില്‍ ഇതുവരെ 10 ലക്ഷം പേര്‍ക്ക് സിക്ക വൈറസ് ബാധയുണ്ടായിട്ടുണ്ട്. കൊളംബിയയില്‍ ഏഴുലക്ഷം പേര്‍ക്കു വരെ വൈറസ് ബാധയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വൈറസ് ബാധയുള്ള ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ഗര്‍ഭിണികള്‍ക്ക് യുഎസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭംധരിക്കുന്നത് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. . ഇക്വഡോര്‍, കൊളംബിയ, സാല്‍വദോര്‍ എന്നിവിടങ്ങളിലും കരീബിയന്‍ രാജ്യമായ ജമൈക്കയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വൈറസ് ബാധമൂലം വൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നത് ഒഴിവാക്കാനാണിത്. 2018 വരെ ഗര്‍ഭം ധരിക്കരുതെന്നാണ് സല്‍വദോറില്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഗര്‍ഭിണികളായവര്‍ കൊതുകിന്റെ കടിയേല്‍ക്കാതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊളംബിയയില്‍ ആറു മുതല്‍ എട്ടുമാസം വരെയും ജമൈക്കയില്‍ ഒരു വര്‍ഷത്തേക്കും ഗര്‍ഭധാരണം നീട്ടിവെയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിക്ക വൈറസിന്റെ സാന്നിദ്ധ്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

അമേരിക്കയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒബാമ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അടിയന്തര നടപടി സ്വീകരിക്കാന്‍ ഒബാമ ആവശ്യപ്പെട്ടു. വൈറസിനെതിരെ പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ഒബാമ ആഹ്വാനം ചെയ്തു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അവബോധം നല്‍കാനും എല്ലാവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സിക്ക വൈറസ് വ്യാപകമായ ബ്രസീലില്‍ വൈറസ് പടരുന്നത് തടയുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു ലക്ഷത്തോളം സൈനികരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി മാര്‍സെലോ കാസ്‌ട്രോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവജാത ശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന സിക്ക വൈറസ് പടരുന്നത് കൊതുകുകളിലൂടെയാണ്. പനി, ചെങ്കണ്ണ്, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ രോഗം പടരുന്നത് നവജാത ശിശുക്കളുടെ തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയ്ക്ക് കാരണമാകുന്നതാണ് വൈദ്യശാസ്ത്രത്തിന് ആശങ്കയുണര്‍ത്തുന്നത്.

ഡെങ്കുപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പടര്‍ത്തുന്നത്.

1940 ല്‍ ആഫ്രിക്കയിലാണ് ആദ്യം സിക്ക വൈറസിനെ കണ്ടെത്തിയത്.

തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയില്‍ കുട്ടികള്‍ ജനിക്കുന്നത് സിക്ക വൈറസ് മൂലമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ചിലരില്‍ പനിയും ശരീരം ചുവന്നു തടിക്കുകയും മറ്റും ചെയ്യാം. എന്നാല്‍ ഭൂരിഭാഗം പേരിലും രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണുന്നില്ല.

ഇതിന് പ്രതിരോധമരുന്നില്ല

സിക്ക വൈറസ് തടയാനുള്ള ഏക മാര്‍ഗം കൊതുകുകളുടെ വ്യാപനം തടയുക എന്നതും കൊതുകു കടിയേല്‍ക്കാതിരിക്കുക എന്നതും മാത്രമാണ്.

ഇന്ത്യയിലും ജാഗ്രത നിര്‍ദേശം

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുള്‍പ്പെടെ 23 രാജ്യങ്ങളില്‍ സിക്ക വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നവജാത ശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന സിക്ക വൈറസ് കൊതുകുകളിലൂടെയാണ് പടരുന്നത്. ഈഡിസ് കൊതുകുകളുള്ള രാജ്യങ്ങളില്‍ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഇന്ത്യയും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഡെങ്കു പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് സിക്ക വൈറസും പടരുന്നത്. കൊതുകു പടര്‍ത്തുന്ന രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇന്ത്യയില്‍ അതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. രോഗം കണ്ടെത്താനുള്ള പരിശോധന കിറ്റുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഏതെങ്കിലും പ്രദേശത്ത് ജനനവൈകല്യവുമായി നിരവധി കുട്ടികള്‍ ജനിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സിക്ക വൈറസ് ബാധ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. സിക്ക വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ പരിശോധനകള്‍ ഇവിടെ നടത്താമെന്നാണ് ഡയറക്ടര്‍ ഡോ. മൗര്യ അറിയിച്ചിരിക്കുന്നത്. രോഗബാധിതരായ രാജ്യങ്ങളില്‍ യാത്രചെയ്യുന്നവരില്‍ വൈറസ് ബാധയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ക്യൂലക്‌സ് വിഭാഗത്തില്‍പെട്ട സാധാരമ കൊതുകും സിക്ക വൈറസ് പടര്‍ത്തുമെന്ന് പഠനം

കൊതുകിലൂടെ പടരുന്ന സിക്ക വൈറസ് ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തുമ്പോള്‍ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട കൊതുകുകളും രോഗം പടര്‍ത്താമെന്ന് പഠനം. ഡെങ്കുപനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗത്തിലെ കൊതുകാണ് സിക്ക വൈറസ് പടര്‍ത്തുന്നതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട സാധാരണ കൊതുകുകളും വൈറസ് പടര്‍ത്തിയേക്കാമെന്നാണ് ബ്രസീലിലെ ഓസ് വാല്‍ഡോക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രസീലിലെ സിക്ക വൈറസിന്റെ പ്രഭവ കേന്ദ്രത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ചില ഒറ്റപ്പെട്ട പഠനങ്ങളിലും ക്യൂലക്‌സ് കൊതുകുകള്‍ സിക്ക വൈറസ് പടര്‍ത്തുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കൂടതല്‍ ആശങ്കയ്ക്കിട നല്‍കിയിരിക്കുകയാണ്. ക്യൂലക്‌സ് കൊതുകിലൂടെ വൈറസ് പടരുമെങ്കില്‍ ലോകം മുഴുവന്‍ സിക്ക പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ 10 വര്‍ഷം വേണ്ടി വരും

വാഷിങ്ടണ്‍: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വൈറസ് യുഎസിലും യൂറോപ്പിലും ബ്രിട്ടനിലും വരെ സിക്ക വൈറസ് വ്യാപിച്ച് കഴിഞ്ഞു. പ്രതിരോധ മരുന്നു വികസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണെമന്ന് യുഎസ് പ്രസിഡന്റ് ഒബാമ ആഹ്വാനം ചെയ്‌തെങ്കിലും പ്രതിരോധ മരുന്ന് ലഭ്യമാകാന്‍ 10 വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് വൈറസിനെതിരെ പ്രതിരോധ മരുന്നുകണ്ടെത്താനുള്ള പരീക്ഷണം നടത്തുന്നത്. എന്നാല്‍ ഉടനെയൊന്നും പ്രതിരോധ മരുന്ന് ലഭ്യമാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് മനുഷ്യരില്‍ ഉപയോഗിക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: