വീട്ടില്‍ ബീഫ് സൂക്ഷിച്ചതിന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: വീട്ടില്‍ ബീഫ് സൂക്ഷിച്ചതിന് മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അന്‍വര്‍ മേവ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ദേശിയ സുരക്ഷാ നിയമം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അന്‍വര്‍ മേവയുടെ ഫ്രീഗഞ്ചിലെ ഖുര്‍ദിലുള്ള വസതിയില്‍നിന്നാണ് ബീഫ് പിടിച്ചെടുത്തത്. കണ്ടെത്തിയത് ബിഫ് തന്നെയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചതോടെ അന്‍വര്‍ മേവയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി ബി.ജെ.പി വ്യക്തമാക്കി. ഇയാള്‍ക്ക് പുറമെ മേവയുടെ മകനും സഹോദരനും അടക്കം ഒമ്പതുപേരെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്സ്റ്റര്‍ ചെയ്തു.

സര്‍ക്കാര്‍ വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മാംസം ബീഫ് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഒമ്പത് പേരെയും അറസ്റ്റ് ചെയ്ത പോലീസ് പ്രതികളെ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മതുര ലാബില്‍നിന്ന് മാംസത്തിന്റെ അന്തിമ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. പ്രതികള്‍ക്ക് എതിരെ ദേശിയ സുരക്ഷാ നിയമം ചുമത്തണോയെന്നതിലും പോലീസ് വിദഗ്തരുടെ ഉപദേശം തേടും. ഇന്ത്യന്‍ എക്‌സ്പ്രസിനെ ഉദ്ധരിച്ച് ഡി.എന്‍.എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: