സിക്ക വൈറസ്: ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: സിക്ക വൈറസ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സിക്ക വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ അത്തരം യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അത്യാവശ്യ യാത്രകള്‍ ചെയ്യുന്നവര്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കൊതുകിനെ പ്രതിരോധിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ വിദേശത്ത് പോകുമ്പോള്‍ ഡോക്ടറുടെ ഉപദേശം തേടണം. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരോട് എയര്‍പോട്ടുകളില്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടും. എയര്‍പോര്‍ട്ടുകളില്‍ രോഗം സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ കീഴിലായിരിക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് രോഗം സംബന്ധിച്ച പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും നേതൃത്വം നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് സിക വൈറസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22 രാജ്യങ്ങളിലാണ് ഇത് കണ്ടെത്തിയത്. ഡെങ്കു വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ വൈറസും പരത്തുന്നത്. മൈക്രോസിഫലി എന്ന രോഗത്തിനാണ് വൈറസ് കാരണമാകുന്നത്. ഇത് ബാധിച്ചാല്‍ വളര്‍ച്ചയെത്താത്തതും ഭാഗികമായി വളര്‍ച്ച എത്തിയതുമായി തലച്ചോറും തലയോട്ടിയുമായാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഇതിന് ഇതുവരെ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. വാക്‌സിനായി പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണാവസ്ഥയില്‍ മനുഷ്യരില്‍ ഉപയോഗിക്കാന്‍ സമയമെടുക്കും.

വൈറസിന്റെ വ്യാപനത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസിന്റെ സാന്നിദ്ധ്യം യൂറോപ്പില്‍ കൂടി കണ്ടെത്തിയതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Share this news

Leave a Reply

%d bloggers like this: