കുട്ടികളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ കുട്ടികളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് നടത്തുന്ന മൂന്നു പ്രധാനപ്പെട്ട പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ഏരിയ ബേസ്ഡ് പ്രോഗ്രാമുകളായ പടിഞ്ഞാറന്‍ താലഗട്ടിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രോഗ്രാം, ബല്ലിമൂണിലെ യംഗ് ബല്ലിമൂണ്‍, ഡാണ്‍ഡെയ്‌ലിലെ പ്രിപയറിംഗ് ഫോര്‍ ലൈഫ് എന്നീ പദ്ധതികുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അറ്റ്‌ലാന്റികില്‍ നിന്നുള്ള സാമ്പത്തിക സഹായം നിന്നതാണ് ഈ മൂന്ന് പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാകാന്‍ കാരണം.

2007 മുതല്‍ 50 മില്യണ്‍ യൂറോയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചത്. ഇതില്‍ പകുതി പണം അറ്റ്‌ലാന്റികും പകുതി പണം ശിശുക്ഷേമ വകുപ്പുമാണ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിലെ പദ്ധതികളില്‍ നിന്ന് ഫണ്ട് നല്‍കുന്ന അറ്റ്‌ലാന്റിക് പിന്‍മാറിയിരുന്നു. നിലവിലെ കരാര്‍ അവസാനിച്ചതാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് അവര്‍ അറിയിച്ചത്. നിലവിലുള്ള സേവനങ്ങളിലേക്ക് പദ്ധതികളെ കൂട്ടിച്ചേര്‍ക്കുമെന്ന് ശിശുക്ഷേമ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും പദ്ധതി നടത്തിപ്പുകാര്‍ ആശങ്കയിലാണ്.

തങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്ന് യംഗ് ബല്ലിമൂണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എലീനര്‍ മെക്ലോറെ പറയുന്നത്. ജനിച്ച് വീഴുന്നത് മുതല്‍ പ്രതികൂല സാഹചര്യങ്ങളില്‍ വളരാന്‍ വിധിക്കപ്പെടുന്നവരാണ് ഇവിടുത്തെ കുട്ടികളെന്ന് മെക്ലോരെ ചൂണ്ടികാണിക്കുന്നു. ബല്ലിമൂണില്‍ ജനിക്കുന്ന കുട്ടികളില്‍ പകുതിയും തൊഴില്‍രഹിത വിഭാഗത്തില്‍ എത്തിപ്പെടുന്നതായാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. അടുത്തിടെ സ്വകാര്യ ഏജന്‍സിയായ പോബല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് പ്രകാരം ബല്ലിമൂണിലെ 58 ശതമാനം പുരുഷന്‍മാരും തൊഴില്‍രഹിതരാണ്. ജനസംഖ്യയില്‍ 4.6 ശതമാനം പേര്‍ക്കും മൂന്നാതരം വിദ്യാഭ്യാസ യോഗ്യത മാത്രമാണുള്ളത്. 37 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസമെങ്കിലുമുള്ളതെന്നും പോബല്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

പടിഞ്ഞാറന്‍ താലഗട്ടില്‍ പുരുഷ തൊഴില്‍രഹിതര്‍ 50 ശതമാനമാണ്. 4.7 ശതമാനം പേര്‍ മാത്രം മൂന്നാംതര വിദ്യാഭ്യാസത്തിന് യോഗ്യത നേടിയപ്പോള്‍ 23 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ളത്. 43 ശതമാനം കുട്ടികള്‍കളാണ് സിംഗിള്‍ പേരന്റിന്റെ സംരക്ഷണയില്‍ കുടുംബങ്ങളില്‍ കഴിയുന്നത്. ഡാന്‍ഡെയില്‍ 45 ശതമാനം പുരുഷന്‍മാരും തൊഴില്‍രഹിതരാണ്. 2.8 ശതമാനം പേര്‍ക്ക് മാത്രമാണ് മൂന്നാംതര വിദ്യാഭ്യാസമുള്ളത്. 36 ശതമാനം പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസമുണ്ട്. സിംഗിള്‍ പേരന്റിന്റെ സംരക്ഷണയില്‍ ജീവിക്കുന്നത് 64 ശതമാനം കുട്ടികളാണ് ഇവിടെയുള്ളത്. തീര്‍ത്തും അവികസിതമെന്നാണ് ഈ മൂന്ന് പ്രദേശങ്ങളും വിശേഷിപ്പിക്കപ്പെടുന്നത്.

പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച് ഈ മൂന്ന് പദ്ധതികള്‍ക്കും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും മൂന്നിന്റെയും ലക്ഷ്യം ഒന്നു തന്നെയാണ്. കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെയും സ്പീച്ച്-ഭാഷ തെറാപ്പിസ്റ്റുകളുടെയും സേവനങ്ങള്‍ ലഭ്യമാക്കുക,ആരോഗ്യ കേന്ദ്രങ്ങള്‍, കളിക്കളങ്ങള്‍, ദേശീയ വിദ്യാലയങ്ങള്‍ എന്നിവയുടെ സേവനം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലുള്ളത്. ബല്ലിമൂണില്‍ രക്ഷിതാക്കള്‍ക്കായി സാക്ഷരത, ഭാഷ ക്ലാസുകള്‍ക്കൊപ്പം 11 പ്രാഥമിക വിദ്യാലയങ്ങളില്‍ പ്രത്യേക പരിപാടികളും നടത്തുന്നുണ്ട്. സാക്ഷരത മെച്ചപ്പെടുത്തുക, സ്വഭാവത്തിലുള്ള വൈകല്യങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിവയാണ് ഈ പ്രത്യേക പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

2007 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പഠനത്തിന് സഹായം ആവശ്യമായി വരുന്ന കുട്ടികളുടെ എണ്ണത്തില്‍ പതിന്മടങ്ങ് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2007ല്‍ 25 ശതമാനമായിരുന്നത് 2015 ആയപ്പോഴേക്കും 12 ശതമാനമായി കുറഞ്ഞു. വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബല്ലിമൂണിലെ എല്ലാ അധ്യാപകര്‍ക്കും പ്രത്യേക പരിശീലനമാണ് നല്‍കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: