പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങില്ലെന്നു സൂചന

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ജയരാജനു വ്യക്തമായ പങ്കുണ്‌ടെന്ന സിബിഐ കണ്‌ടെത്തല്‍ കോടതി അംഗീകരിച്ചു. കേസിലെ മുഖ്യപ്രതിയായ വിക്രമന്‍ ജയരാജന്റെ അടുത്ത അനുയായി ആണെന്നും കേസിലെ പ്രതികളില്‍ ജയരാജനൊഴികെ മറ്റാര്‍ക്കും മനോജിനോട് മുന്‍വൈരാഗ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്‍, കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കേസില്‍ യുഎപിഎ ചുമത്തിയത് ജയരാജന്‍ ചോദ്യംചെയ്തതും ഹൈക്കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കും. മനോജിനെ വധിക്കുന്നതിനു മുന്‍പും ശേഷവും ബോംബ് പ്രയോഗിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പാര്‍ലമെന്റ് ആക്രമണത്തിനു മുന്‍പും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ബോംബ് എത്രമാത്രം നാശനഷ്ടം ഉണ്ടാക്കിയെന്നല്ല പരിശോധിക്കുന്നത്. നാടന്‍ ബോംബ് ആയാലും ഉപയോഗിക്കുന്നത് നാശനഷ്ടം സൃഷ്ടിക്കാന്‍ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പ്രതിയുടെ പദവികള്‍ ഇവിടെ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ കുറ്റപത്രം പരിശോധിച്ച ഹൈക്കോടതിക്ക് ജയരാജനെതിരേ വ്യക്തമായ തെളിവുണ്‌ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ തലശേരി സെഷന്‍സ് കോടതി മൂന്നു തവണ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഷ്ട്രീയ പ്രേരിതമായി തന്നെ കുടുക്കിയതാണെന്നും താന്‍ പ്രതിയല്ലെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും ജയരാജന്‍ വാദിച്ചു. പെട്ടന്ന് എവിടെ നിന്നാണ് സിബിഐക്ക് തെളിവുകള്‍ ലഭിച്ചത്. വികലാംഗനാണെന്നും അടുത്തിടെ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഇതൊന്നും ഇവിടെ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

അതേസമയം ജയരാജന്‍ കോടതിയില്‍ കീഴടങ്ങുകയോ അറസ്റ്റിനു വഴങ്ങുകയോ ചെയ്യില്ലെന്നു സൂചന. പകരം ഹൈക്കോടതിയില്‍ത്തന്നെ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അവിടെയും തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണു സിപിഎം തീരുമാനം. നിയമത്തിന്റെ സാധ്യതകള്‍ പരമാവധി തേടി മുന്‍കൂര്‍ജാമ്യം തരപ്പെടുത്തുകയോ അറസ്റ്റ് വൈകിപ്പിക്കുകയോ ആണു ലക്ഷ്യം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്താല്‍ ആറുമാസത്തേക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. അതിനിടെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ കഴിയും വരെയും ചിലപ്പോള്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരും. റിമാന്‍ഡില്‍ കഴിയുമ്പോള്‍ ജയരാജനെ കസ്റ്റഡിയില്‍ വാങ്ങി സിബിഐക്കു ദിവസങ്ങളോളം ചോദ്യംചെയ്യാനാകും. രണ്ടു മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ ഈയൊരു സാഹചര്യം എങ്ങനെയെങ്കിലും ഒഴിവാക്കുകയാണു സിപിഎം ലക്ഷ്യം.

കഴിഞ്ഞ 23 ദിവസമായി ജയരാജന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയരാജനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: