വെക്സ്ഫോര്‍ഡ് ആശുപത്രിയില്‍ കുടല്‍രോഗ നിര്‍ണയത്തിന്റെ റിപ്പോര്‍ട്ട് വൈകി; ഒരാള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

ഡബ്ലിന്‍: വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ കുടല്‍രോഗ നിര്‍ണയത്തിന്റെ ഫലം വരാന്‍ കാലതാമസമെടുത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരു രോഗി മരിച്ചു. കാന്‍സര്‍ ബാധിതനായ ഒരു പുരുഷനാണ് മരിച്ചത്. 12 പേരില്‍ കാന്‍സര്‍ ഉണ്ടെന്ന് വൈകിവന്ന പരിശോധനഫലത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കുടല്‍രോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത 600 പേരെയും ആശുപത്രി അധികൃതര്‍ തിരികെ വിളിച്ചു.

2013-14 ലാണ് വെക്സ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ ദേശീയ കുടല്‍രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്തവരില്‍ നടത്തിയ രോഗനിര്‍ണയത്തിന്റെ ഫലം വരാന്‍ കാലതാമസം എടുത്തു. ഇതിനിടെയാണ് കാന്‍സര്‍ ബാധിതനായി ഒരു മരിച്ചത്. വെക്സ്ഫോര്‍ഡ് ആശുപത്രിയുടെ ചുമതലയുള്ള അയര്‍ലന്‍ഡ് ഈസ്റ്റ് ആശുപത്രി ഗ്രൂപ്പ് ഇതിനോടകം ബന്ധപ്പെട്ടവരില്‍ നിന്ന് പരിശോധനഫലത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എല്ലാ പാര്‍ട്ടികള്‍ക്കും അത് നല്‍കുമെന്നും ഈസ്റ്റ്ഫോര്‍ട്ട് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. രോഗികളെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് അവസാനഘട്ടത്തിലാണെന്നും ഈസ്റ്റ്ഫോര്‍ട്ട് ഗ്രൂപ്പ് വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

അയര്‍ലന്‍ഡില്‍ നിരവധി പേരാണ് കുടലിന് കാന്‍സര്‍ വന്ന് മരിക്കുന്നത്. 2007 ഒക്ടോബറില്‍ സൂസി ലോംഗിന്റെ മരണശേഷമാണ് ദേശീയ കുടല്‍രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരംഭിച്ചത്. വെക്സ്ഫോര്‍ഡ് അടക്കം 15 ആശുപത്രികള്‍ക്കാണ് ക്യാമ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. പൊതുആരോഗ്യ വിഭാഗത്തില്‍ നിന്ന് കുടല്‍രോഗ നിര്‍ണയം നടത്തിയ സൂസി ലോംഗിന്റെ പരിശോധനാഫലം വരാന്‍ ഏഴു മാസമാണ് എടുത്തത്. രോഗം കണ്ടെത്താന്‍ കാലതാമസമെടുത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണ് സൂസി മരിച്ചത്.

2014 ഒക്ടോബറിലും നവംബറിലും പരിശോധന നടത്തിയ രണ്ട് പേരില്‍ കുടല്‍രോഗ നിര്‍ണയത്തിലൂടെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വെക്സ്ഫോര്‍ട് ആശുപത്രിയില്‍ രോഗികളെ തിരിച്ചുവിളിക്കാന്‍ തുടങ്ങിയത്. അതോടെ കുടല്‍രോഗനിര്‍ണയത്തിലെ അപാകതകളെ കുറിച്ചുള്ള പ്രശ്നം ഉടലെടുക്കുകയായിരുന്നു. നിയമപരമായ പരിശോധനക്കും മറ്റുമായി അയര്‍ലന്‍ഡ് ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന് കൃത്യവും വസ്തുനിഷ്ടവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഓരോ ഘട്ടത്തിലും രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിശദമായ റിപ്പോര്‍ട്ടും തുടര്‍ചികിത്സയും കൃത്യമായ സമയത്ത് ലഭ്യമാക്കുമെന്ന് അയര്‍ലന്‍ഡ് ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് അറിയിച്ചു.

രോഗനിര്‍ണയ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് എച്ച്.എസ്.ഇക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി ലിയോ വാരേദ്കര്‍ അറിയിച്ചു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

-എജെ-

 

Share this news

Leave a Reply

%d bloggers like this: