ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി;കീഴടങ്ങില്ല, അറസ്റ്റു വരിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍; മറ്റുവഴികള്‍ തേടുമെന്ന് ഡല്‍ഹി കമ്മീഷണര്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം നേരിടുന്ന ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി. ഞായറാഴ്ച രാത്രിയില്‍ കാമ്പസിലെത്തിയ ഇവര്‍ പോലീസില്‍ കീഴടങ്ങില്ല. പോലീസിനു വേണമെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

അതേസമയം വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി അധ്യാപകര്‍ രംഗത്തെത്തി. വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അധ്യാപകരും വ്യക്തമാക്കി. ഇതോടെ വിദ്യാര്‍ഥികളെ എങ്ങനെ കസ്റ്റഡിയിലെടുക്കാം എന്ന കൂടിയാലോചനയിലാണു പോലീസ്.

ഉമര്‍ ഖാലിദ്, ആനന്ദ് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരാണ് കാമ്പസിലെത്തിയിട്ടുള്ളത്. തങ്ങള്‍ രാജ്യദ്രോഹമൊന്നും നടത്തിയിട്ടില്ലെന്നും തീവ്രവാദികളല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പോലീസിനെ പേടിച്ചല്ല ഒളിവില്‍ കഴിഞ്ഞത്, ഒരു വിഭാഗം ആളുകളുടെ പ്രതികരണം ഭയന്നാണ്.

അതേസമയം, രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ് മടങ്ങി. സര്‍വകലാശാലക്കുള്ളിലേക്ക് കടക്കാന്‍ പോലീസിനെ അനുവദിക്കില്ലെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ മമിദാല ജഗദീഷ് കുമാര്‍ നിലപാടെടുത്തതോടെയാണ് മടങ്ങാന്‍ പോലീസ് നിര്‍ബന്ധിതരായത്.

 

Share this news

Leave a Reply

%d bloggers like this: