പാമോയില്‍: ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്നു കോടതി

 

തൃശൂര്‍: പാമോയില്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. കേസില്‍ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിയ ഹര്‍ജി പരിഗണിക്കവേ ജഡ്ജി എസ്.എസ്. വാസനാണു സുപ്രധാന നിരീക്ഷണം നടത്തിയത്. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഫയല്‍ കണ്ടിരുന്നുവെന്നും ഫയലില്‍ ഒപ്പുവച്ചത് അതിനു തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

മുന്‍ ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരെയാണു കോടതി കുറ്റവിമുക്തരാക്കിയത്. തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറിനാണ് ഇരുവരും വിടുതല്‍ ഹര്‍ജി നല്‍കിയത്. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വല്‍, കാബിനറ്റ് ബിസിനസ് മാന്വല്‍ തുടങ്ങിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിസഭ തീരുമാനമനുസരിച്ച് മാത്രമാണ് തങ്ങള്‍ നീങ്ങിയതെന്നും ഗൂഢാലോചനയിലോ മറ്റോ പങ്കാളികളല്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നും നാലും പ്രതികളുടെ വാദം.

പാമോയില്‍ കേസ് പിന്‍വലിക്കുന്നതിനുള്ള സര്‍ക്കാര്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേസില്‍ ഇടവേള വന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ ആവശ്യം തള്ളി. ഇതോടെയാണു കേസ് വീണ്ടും തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് തന്നെയെത്തിയത്. കേസിന്റെ വിചാരണ നടപടികള്‍ 29ന് ആരംഭിക്കും.

അതേസമയം ഇരിങ്ങാലക്കുടയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേര്‍ക്ക് കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തി്. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share this news

Leave a Reply

%d bloggers like this: